ലോകത്തെ മറ്റേതിനേക്കാളും വിലമതിക്കുന്നതാണ് പ്രണയ സമ്മാനം. അതുകൊണ്ടാണ് താജ്മഹല്‍ ഇന്നും അനശ്വരപ്രണയത്തിന്റെ കെടാവിളക്കായി കത്തുന്നത്.
കുറേ ദിവസമായി മറ്റൊരു പ്രണയസമ്മാനം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്.ആറടി വീതിയുള്ള ഭൂമിയില്‍ നിര്‍മിച്ച അഞ്ച് നില വീടാണാണ് പുതിയ പ്രണയവിസ്മയം.മുസാഫര്‍പൂരിലെ സന്തോഷാണ് ഭാര്യ അർച്ചനയ്ക്കായി ഈ അപൂര്‍വ സൗധം നിര്‍മിച്ചത്.
വെറും ആറടി ഭൂമിയില്‍ പണിത ഈ ‘പ്രണയ കൊട്ടാരത്തിന്റെ’ ഓരോ കോണിലും വിസ്മയിപ്പിക്കുന്ന ചാരുത കാണാം.സെല്‍ഫിയെടുക്കാന്‍ ആളുകള്‍ ഈ വീടിനു മുന്നില്‍ എത്തുന്നു. മുസാഫര്‍പൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഈ വീട് വളരെ പെട്ടെന്ന് തന്നെ പ്രശസ്തമായതോടെ നാട്ടുകാര്‍ ഇതിനെ ‘ഈഫല്‍ ടവര്‍'(ഉയരം കാരണം) എന്ന് വിളിക്കുന്നു.
വീടിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ എല്ലാവരും കളിയാക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു.ഇന്ന് സ്ഥിതി മാറി. ആളുകള്‍ ഈ വീടിന്റെ ഘടനയെ, അതിന്റെ മുറികളുടെ വാസ്തുവിദ്യയെപ്പോലും പ്രശംസിക്കുന്നത് കാണാം. മുസാഫര്‍പൂരിലെ ‘ഈഫല്‍ ടവര്‍’ എന്ന് വിളിക്കുന്ന ഈ വീട് ഇപ്പോള്‍ ഈ നഗരത്തിന്റെ പ്രശസ്തമായ സെല്‍ഫി പോയിന്റായി മാറിയിരിക്കുകയാണ്.
വിവാഹശേഷമാണ് സന്തോഷും അർച്ചനയും ആറടി വീതിയും 45 അടി നീളവുമുള്ള ഈ സ്ഥലം വാങ്ങിയത്. എന്നാല്‍ ഭൂമിയുടെ വീതി ആറടി മാത്രമായതിനാല്‍ വര്‍ഷങ്ങളായി ഇവിടെ നിര്‍മാണമൊന്നും നടത്തിയില്ല. ഭൂമി വില്‍ക്കാന്‍ പലരും ഉപദേശിക്കുകയും ചെയ്ത.എന്നാല്‍ വിവാഹത്തിന്റെ സ്മാരകമായ ഈ ഭൂമിയില്‍ ഒരു വീട് നിര്‍മിക്കാന്‍ ഇരുവരും ആഗ്രഹിച്ചു.ഇതിനായി സന്തോഷ് സ്ഥലത്തിന്റെ രേഖകളും ചിത്രവുമായി നഗരസഭയിലെത്തി, കോര്‍പറേഷനിലെ എന്‍ജിനീയറുടെ അടുത്ത് കൊണ്ടുപോയി പാസാക്കി. 2012-ലാണ് പാസാക്കി കിട്ടിയത്. 2015-ലാണ് ഈ വീട് പൂര്‍ത്തീകരിച്ചത്.