KeralaNEWS

കോൺഗ്രസിനെ പരിഹസിച്ച് ഇ.പി. ജയരാജൻ “കോൺഗ്രസ് ഓഫീസിൽ ഇന്ദിരയുടെയും സോണിയയുടെയും ഫോട്ടോയില്ല, പകരം സ്വപ്നയായി”

കണ്ണൂര്‍: സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്‍റെ പുതിയ വെളിപ്പെടുത്തലുകൾ ഏറ്റെടുത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നതിൽ കോൺഗ്രസിനെ പരിഹസിച്ച് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ രംഗത്ത്. കോൺഗ്രസ് ഓഫീസിൽ ഇപ്പോൾ ഇന്ദിരാ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ഫോട്ടോ ഇല്ലെന്നും പകരം സ്വപ്ന സുരേഷിന്‍റേതാണുള്ളതെന്നും ഇ പി പരിഹസിച്ചു.

സ്വപ്നയുടെ വെളിപ്പെടുത്തലുകൾ ഏറ്റെടുത്തുള്ള പ്രതിഷേധം കോൺഗ്രസിന്‍റെ ഗതികേടാണെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് സി ബി ഐയും എന്‍ ഐ എയും ഒഴിവാക്കിയ കേസാണിതെന്നും സ്വപ്നയ്ക്കൊപ്പം പി സി ജോർജിനെയും ക്രൈം നന്ദകുമാറിനെയും ഒപ്പം കൂട്ടിയാണ് യു ഡി എഫ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Signature-ad

അതേസമയം തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയ നിര്‍മ്മിച്ചത് ക്രൈം നന്ദകുമാറും വി ഡി സതീശനുമാണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കണം. കോണ്‍ഗ്രസിലെ ഒരു വിഭാഗം വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. ലീഗും യുഡിഎഫിലെ മറ്റ് കക്ഷികളും ഇതിനൊപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേർത്തു.

കിഫ്ബിക്ക് പണം കൊടുക്കരുതെന്ന് യു ഡി എഫ് വിദേശ രാജ്യങ്ങളിൽ പ്രചരിപ്പിച്ചെന്നും ഇ പി പറഞ്ഞു. എന്നാൽ കെ എം സി സി പോലുള്ള സംഘടനകൾ അത് എതിർത്തു. കിഫ്ബിയുമായി മുന്നോട്ട് പോയതിനാൽ കേരളം വികസനക്കുതിപ്പിലാണെന്നും ഇ പി പറഞ്ഞു. ലോക കേരള സഭ, ലോക മലയാളികളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. മൂന്നാം സഭയിൽ സഹകരിക്കുമെന്നാണ് ആദ്യം പ്രതിപക്ഷ നേതാവ് പറഞ്ഞത്. പിന്നീട് ബഹിഷ്കരിച്ചു. എന്നാൽ കോൺഗ്രസ് നിലപാടിനോട് യോജിപ്പില്ലെന്ന് മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു. പ്രവാസികളുടെ താൽപ്പര്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു.

Back to top button
error: