IndiaNEWS

അഗ്‌നിപഥ് പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി; പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും

തിരുവനന്തപുരം: പ്രതിഷേധം കണക്കിലെടുത്ത് അഗ്നിപഥ് നിർത്തിവയ്ക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുമായി ബന്ധപ്പെട്ട് യുവാക്കൾക്ക് ആശങ്കയുണ്ട്. എതിർ സ്വരങ്ങൾ കണക്കിലെടുക്കണം. പ്രതിഷേധങ്ങൾ യുവാക്കളുടെ വികാരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ‍‍്‍ധരുടെ അഭിപ്രായങ്ങൾ മാനിക്കണമെന്നും രാജ്യതാൽപര്യം കണക്കിലെടുക്കണം എന്നും പ്രധാനമന്ത്രിക്കയച്ച ട്വിറ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനിടെ, അഗ്നിപഥിനെതിരെ രാജ്യത്ത് ശക്തമാകുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് കൂടുതൽ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് കോണ്‍ഗ്രസും സിപിഎമ്മും വ്യക്തമാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉൾപ്പെടെ അഗ്നിപഥിനെതിരായ പ്രതിഷേധം കടുക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആക്രമണം കടുപ്പിക്കുകയാണ്. പ്രതിഷേധിക്കുന്ന യുവാക്കള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് ചികിത്സയില്‍ കഴിയുന്ന സോണിയ ഗാന്ധി വ്യക്തമാക്കി. ‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്ന മുദ്രാവാക്യത്തെ മോദി അപമാനിച്ചുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഈ പ്രതികരണത്തിലൂടെ ബിജെപി വോട്ടുബാങ്കുകളായ കര്‍ഷകരെയും സൈനികരേയും ഉന്നമിടുകയാണ് രാഹുൽ. ഭാവി മുന്നിൽക്കണ്ട് പ്രതിഷേധങ്ങളെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണയ്ക്കണമെന്ന് സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

അതേസമയം അഗ്നിപഥിനെതിരെ പ്രതിഷേധം ഉയരുമ്പോള്‍ പദ്ധതി അവതരിപ്പിച്ച രീതിയില്‍ ആര്‍എസ്എസിനും അമര്‍ഷമുണ്ട്. നേരാംവണ്ണം വിശദീകരിക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞില്ലെന്ന വിലയിരുത്തല്‍ ആര്‍എസ്എസിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഘടകക്ഷിയായ ജെഡിയു പദ്ധതിക്കെിരെ നിലപാടെടുത്തതും ബിജെപിക്ക് ക്ഷീണമായി.

Back to top button
error: