31 വർഷമായി വീട്ടുജോലിയെടുത്ത് ജീവിക്കുന്ന എലിസബത്ത് ജോസഫ് ലോക കേരള സഭയിലെ പ്രതിനിധിയാണ്. ലോക കേരള സഭ ധൂർത്തിനായുള്ള വേദിയാണെന്ന് പറയുന്നവർ കേട്ടിരിക്കേണ്ടതാണ് എലിസബത്തിന്റെ വാക്കുകൾ. കേവലം അഞ്ച് മിനുട്ട് കൊണ്ട് എലിസബത്ത് ലോക കേരള സഭയുടെ വേദിയിൽ പറഞ്ഞുതീർത്തത് നിരവധിയായുള്ള പ്രവാസി വീട്ടുജോലിക്കാരുടെ ജീവിതം കൂടിയാണ്.
എട്ടാം വയസ് മുതൽ ജോലിക്ക് പോയിത്തുടങ്ങിയ എലിസബത്ത് വീട്ടുജോലിയെടുത്താണ് തന്റെ രണ്ട് പെൺകുട്ടികളെയും കല്യാണം കഴിപ്പിച്ചയച്ചത്. കഴിഞ്ഞ 31 വർഷമായി വിദേശത്ത് വീട്ടുജോലി എടുക്കുകയാണിവർ. ലോക കേരള സഭ കേവലം സമ്പന്നരുടെ കൂട്ടായ്മയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നവർ എലിസബത്തിനെപ്പോലുള്ളവരെ ഏത് ഗണത്തിലാണ് ഉൾപ്പെടുത്തുക?
ലോക കേരള സഭയിലൂടെ അവരുയർത്തിയത് സാധാരണക്കാരായ പ്രവാസികളുടെ ശബ്ദമാണ്. ഇത്തരത്തിൽ വീട്ടുജോലിക്കാരും കരാർ തൊഴിലാളികളും വിദ്യാർത്ഥികളും നിക്ഷേപകരുമടക്കം നിരവധി മേഖലകളിൽ നിന്നുള്ള പ്രവാസികളുടെ ഒന്നിച്ചുള്ള ശബ്ദമാണ് ലോക കേരള സഭ.