കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായർ കോടതിയിൽ. തന്നെ കുറിച്ചും സ്വപ്നയുടെ മൊഴിയിൽ പരാമര്‍ശങ്ങളുണ്ടെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞുവെന്നും അക്കാര്യങ്ങളിലെ വിശദമായ വിവരങ്ങളറിയാൻ അവകാശമുണ്ടെന്നും സരിത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
സ്വപ്നയുടെ രഹസ്യമൊഴി വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഈ ഹര്‍ജി തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ച് ആവശ്യം ചോദ്യം ചെയ്ത് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ കൃഷ്ണരാജ് കോടതിയിൽ വാദിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്നും ക്രൈംബ്രാഞ്ചിന് എന്തിനാണ് ഈ രഹസ്യമൊഴിയെന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്വപ്ന സുരേഷിനെതിരെ ചുമത്തിയ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അത്യാവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തു കൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണം. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്ക് എതിരെ പരാതി നൽകിയിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. എന്നാൽ ഹര്‍ജി ഒടുവിൽ കോടതി തള്ളി.