NEWS

കുറഞ്ഞ ചിലവില്‍ മികച്ച കാഴ്ചകളൊരുക്കി ഷിംല

കുറഞ്ഞ ചിലവില്‍ മികച്ച ഇടങ്ങള്‍ തേടിയുള്ള യാത്രയാണ് നോക്കുന്നതെങ്കില്‍ അതിനു പറ്റിയ ഇടം ഷിംലയാണ്.എന്നാല്‍ ഷിംല മാത്രം ചുറ്റിക്കറങ്ങിയാല്‍ പോരാ ഇവിടുത്തെ യാത്ര പൂര്‍ത്തിയാകുവാന്‍.ചുറ്റോടു ചുറ്റും അതിമനോഹരമായ കാഴ്ചകളുള്ള നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്. ചിലപ്പോള്‍ സ‍ഞ്ചാരികള്‍ കേട്ടിട്ടുപോലുമുണ്ടാകാത്ത കുറച്ച് ഇടങ്ങള്‍.ഷിംല യാത്രയെ അതിന്‍റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കണമെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഓഫ്ബീറ്റ് സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

കുഫ്രി

കണ്ടുതീര്‍ക്കുവാന്‍ നിരവധി സ്ഥലങ്ങള്‍ ഷിംലയ്ക്കു ചുറ്റുമായി ഉണ്ടെങ്കിലും അതിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഇടമാണ് കുഫ്രി. ‘തടാകം’ എന്നർത്ഥം വരുന്ന കുഫ്ർ എന്ന വാക്കിൽ നിന്നാണ് കുഫ്രി എന്ന വാക്ക് ഉണ്ടായത്. ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ മനോഹര ഇടം ഓഫ്ബീറ്റ് ഇടങ്ങള്‍ തേടിയുള്ള യാത്രയില്‍ ആളുകള്‍ എത്തിച്ചേരുന്ന ഇടമാണ്. കുഫ്രി ഫൺ വേൾഡ്, മഹഷു പീക്ക്, കുഫ്രി മൃഗശാല, ഹിമാലയൻ നേച്ചർ പാർക്ക് എന്നിങ്ങനെ കണ്ടുതീര്‍ക്കുവാന്‍ നിരവധി ഇടങ്ങള്‍ ഇവിടെയുണ്ട്

Signature-ad

 

കിയാരിഘട്ട്

ഷിംലയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട മറ്റൊരു ഓഫ്ബീറ്റ് ഇടമാണ് കിയാരിഘട്ട്. വളരെ ചെറിയ പ്രദേശമായ ഇവിടം ചെറിയ യാത്രകള്‍ക്കാണ് അനുയോജ്യം. ഓക്ക്, പൈൻ, ദേവദാരു മരങ്ങൾ നിറഞ്ഞു നില്‍ക്കുന്ന ഇവിടം ശാന്തമായ യാത്രകള്‍ തേടുന്നവര്‍ക്ക് തിരഞ്ഞെടുക്കാം. മഞ്ഞുമലകളെ അഭിമുഖീകരിക്കുന്ന മുറികൾ ഉള്ള ചെറിയ ഹോം സ്റ്റേകള്‍ ആണ് ഇവിടുത്തെ ആകർഷണം.

 

കർസോഗ്

ഹിമാലയത്തിന്‍റെ മാന്ത്രികത അനുഭവിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ ഷിംലയില്‍ നിന്നും നേരെ വണ്ടി കര്‍സോഗിന് തിരിക്കാം. മനോഹരമായ നിരവധി റിസോർട്ടുകളുള്ള ഈ സ്ഥലത്തിന് നിങ്ങളുടെ കുടുംബത്തോടൊപ്പം വിശ്രമിക്കാൻ അനുയോജ്യമായ ഒരു ഇടത്താവളവുമാകും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ഇവിടെ എത്തിയാല്‍ ഹോസ്റ്റേകളിലേ താമസിക്കു എന്നുറപ്പാക്കുക. എങ്കില്‍ മാത്രമേ കര്‍സോഗ് യാത്ര പൂര്‍ണ്ണമായി എന്നു പറയുവാന്‍ സാധിക്കു.

 

ഷോജ

ഹിമാചല്‍ പ്രദേശിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഓഫ്ബീറ്റ് ഡെസ്റ്റിനേഷനാണ് ഷോജ. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞുമാറി ഒരു യാത്ര പോകുവാന്‍ താല്പര്യമുള്ള ആളാണെങ്കില്‍ തീര്‍ച്ചയായും ഇവിടം തിരഞ്ഞെടുക്കാം. ജലോരി ചുരത്തിന് സമീപമാണ് ഈ ചെറിയ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ശാന്തമായ പ്രകൃതി നടത്തത്തിനും ഫോട്ടോഗ്രാഫിക്കും അനുയോജ്യമാണ് ഈ സ്ഥലം.

 

ഫാഗു

ഷിംലയെക്കാള്‍ തണുപ്പുള്ള സ്ഥലമാണ് നോക്കുന്നതെങ്കില്‍ ധൈര്യമായി ഫാഗു തിരഞ്ഞെടുക്കാം,
ഷിംല റെയിൽവേ സ്‌റ്റേഷനിൽ നിന്നും എയർപോർട്ടിൽ നിന്നും 18 കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷത്തിലെപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം.. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നും ഇവിടെയാണുള്ളത്.

 

 

നാൽദെഹ്‌റ

ഷിംലയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള നാൽദെഹ്‌റ ഇന്ത്യയിലെ ഏറ്റവും പഴയ ഗോൾഫ് കോഴ്‌സുകളുള്ള ഒരിടമാണ്.സമുദ്രനിരപ്പില്‍ നന്നും 2044 മീറ്റർ ഉയരത്തിൽ മരങ്ങളാലും ചെറിയ കുന്നുകളാലും ചിതറിക്കിടക്കുന്ന ഇവിടെ പ്രകൃതി സൗന്ദര്യം അതിന്റെ അത്യുന്നതിയില്‍ കാണാം.ദിനചര്യയുടെ തിരക്കുകളിൽ നിന്ന് മാറി സമാധാനപരമായ ഒരു യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നാൽദെഹ്റയോളം മികച്ച ഒരു സ്ഥലം വേറെയില്ല.

Back to top button
error: