KeralaNEWS

അഭയ കേസിലെ പ്രതികളെ രക്ഷിക്കാൻ ജസ്റ്റീസ് സിറിയക് ജോസഫ് ഇടപെട്ടെന്ന് ജോമോൻ പുത്തൻപുരയ്ക്കലും കെ.ടി ജലീലും, തെറ്റെന്ന് പി.ജെ കുര്യനും

തിരുവനന്തപുരം: അഭയ കേസിൽ നിയമപോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥയുടെ പ്രകാശന വേദി പുതിയ വിവാദങ്ങളുടെയും വാഗ്വാദങ്ങളുടെയും അരങ്ങായി. അഭയകേസ് അട്ടിമറിക്കാൻ ലോകായുക്ത സിറിയക് ജോസഫ് നടത്തിയ ഇടപെടലിനെ ചൊല്ലി ചടങ്ങിൽ വാദപ്രതിവാദമുണ്ടായി. സിറിയക് ജോസഫ് നാർക്കോ അനാലിസിസ് റിപ്പോർട്ട് ചോർത്തിയെന്നും തോമസ് കോട്ടൂരിന് ശിക്ഷാ ഇളവിനായി അനധികൃതമായി ഇടപെട്ടെന്നും ‘ദൈവത്തിന്റെ സ്വന്തം വക്കീൽ’ എന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥയിലുണ്ട്. പ്രകാശന ചടങ്ങിൽ മുൻമന്ത്രി കെടി ജലീൽ ഇക്കാര്യങ്ങൾ ഉദ്ധരിച്ചപ്പോൾ ഇത് തെറ്റാണെന്നായിരുന്നു കോൺഗ്രസ് നേതാവ് പി.ജെ കുര്യന്റെ വാദം.

പുസ്തക പരിചയം നടത്തിയ കെടി ജലീൽ അഭയാ കേസിൽ സിറിയക് ജോസഫ് നേരത്തെ നടത്തിയ അനധികൃത ഇടപെടലുകൾ പുസ്തകത്തെ അധികരിച്ച് വിശദീകരിച്ചു. കേസിൽ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട കുറ്റവാളി സിറിയക് ജോസഫിന്റെ ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചത് ഫാദർ കോട്ടൂരിന്റെ സ്വന്തം അനുജനാണ്. ഇദ്ദേഹത്തെ രക്ഷിക്കാൻ സിറിയക് ജോസഫ് ശ്രമിച്ചു. ബെംഗളൂരിവിലെ ഫോറൻസിക് ലാബിൽ പോയി അഭയാ കേസ് പ്രതികളുടെ നാർക്കോ ടെസ്റ്റ് സി.ഡി നേരിട്ടുകണ്ടുവെന്നും അതിലെ വിവരങ്ങൾ അദ്ദേഹം പ്രതികൾക്ക് ചോർത്തിക്കൊടുത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും ജലീൽ പറഞ്ഞു.

Signature-ad

എന്നാൽ സിറിയക് ജോസഫ് കേസിൽ ഇടപെട്ടെന്ന ആരോപണം തെറ്റാണെന്നായിരുന്നു ആശംസാ പ്രസംഗകൻ പിജെ കുര്യന്റെ വാദം. ഡയറക്ടറുടെ ക്ഷണപ്രകാരമാണ് സിറിയക് ജോസഫ് ഫോറൻസിക് ലാബിലേക്ക് പോയതെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത് എന്നായിരുന്നു പിജെ കുര്യൻ സമർത്ഥിച്ചത്. എന്നാൽ ഇതിനുപിന്നാലെ ജോമോൻ പുത്തൻപുരയ്ക്കൽ പിജെ കുര്യനെ തിരുത്തി. സിറിയക് ജോസഫ് ലാബിൽ പോയത് മിന്നൻ സന്ദർശനമാണ്. അവിടെ ഒരു പരിപാടിയും ഇല്ലായിരുന്നുവെന്നും പിജെ കുര്യനെ ആരോ തെറ്റുദ്ധരിപ്പിച്ചതാണെന്നും ജോമോൻ പറഞ്ഞു.

അഭയാ കേസിനെ കുറിച്ച് വിശദീകരിക്കുന്ന ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിന് നൽകിയാണ് പ്രകാശനം ചെയ്തത്.

Back to top button
error: