KeralaNEWS

ഇന്ദിരാ ഭവന് മുന്നില്‍ ഇരച്ചെത്തി സിപിഎം പ്രവര്‍ത്തകര്‍; കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്, അടൂരും കൊല്ലത്തും ഇരട്ടിയിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരേ അക്രമം

തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തിന് നേരെ കല്ലേറ്. ഇന്ദിരാ ഭവന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ല് ആക്രമണത്തില്‍ തകര്‍ന്നു. സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രിയ്ക്ക് എതിരെ വിമാനത്തിന് അകത്ത് പ്രതിഷേധം ഉണ്ടായതിനെതിരെ തിരുവനന്തപുരത്തടക്കം പലയിടത്തും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്.

സിപിഎം പ്രവര്‍ത്തകരുടെ വലിയ സംഘമാണ് ഓഫീസിന് മുന്നിലെത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. എകെ ആന്റണി ഈ സമയത്ത് ഇവിടെയുണ്ടായിരുന്നു. ഇന്ദിരാ ഭവന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയ സിപിഎം പ്രവര്‍ത്തകര്‍ നേതാക്കളെ അസഭ്യം പറഞ്ഞെന്നും കല്ലെറിഞ്ഞെന്നുമാണ് ആരോപണം. കാറിന്റെ ചില്ല് അടിച്ചുതകര്‍ക്കാന്‍ ശ്രമം ഉണ്ടായെന്നും ആരോപണമുണ്ട്. നിരവധി സിപിഎം പ്രവര്‍ത്തകര്‍ ഈ സമയത്ത് പുറത്ത് റോഡില്‍ ഉണ്ടായിരുന്നുവെന്നും നേതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംഭവത്തിന് ശേഷം പുറത്തിറങ്ങിയ എകെ ആന്റണി കെപിസിസിയില്‍ ഈ കാണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് നടന്നത്. പാര്‍ട്ടി ആസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പന്മനയിലും കണ്ണൂര്‍ ഇരിട്ടിയിലും പത്തനംതിട്ട അടൂരിലും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഡിവൈഎഫ്‌ഐ ആക്രമണം. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പന്മന മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ ആക്രമണത്തില്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇക്ബാലിന്റെ തലയ്ക്കു സാരമായി പരുക്കേറ്റു. അടൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രകടനത്തിനുനേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. പാര്‍ട്ടി ഓഫീസ് തകര്‍ക്കുകയും ചെയ്തു.

 

Back to top button
error: