മുംബൈ: 13,578 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പ് കേസില്‍ ഒളിവില്‍പ്പോയ വജ്രവ്യാപാരി മെഹുല്‍ ചോക്സിക്കും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇതേ കേസില്‍ കേന്ദ്ര ഏജന്‍സി സമര്‍പ്പിക്കുന്ന മൂന്നാമത്തെ കുറ്റപത്രമാണിത്. എന്നാല്‍ ചോക്സിയുടെ ഭാര്യ പ്രീതി പ്രദ്യോത്കുമാര്‍ കോത്താരിയുടെ പേരിലുള്ള ആദ്യ കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്.
പിഎന്‍ബിയുടെ റിട്ടയേര്‍ഡ് ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി വ്യാജ ധാരണാപത്രങ്ങള്‍ നിര്‍മിച്ചു നല്‍കിയതായും കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ട്. കുറ്റകൃത്യങ്ങളിലൂടെ വരുമാനം വെളിപ്പിക്കുന്നതിനും വെട്ടിക്കുന്നതിനും ഭര്‍ത്താവിനെ പ്രീതി സഹായിച്ചു. കുറ്റകൃത്യത്തിനു പ്രേരണ നല്‍കിയത് പ്രീതിയാണെന്നും കുറ്റപത്രത്തില്‍ ഇഡി പറയുന്നു.
അതേസമയം, മെഹുല്‍ ചോക്സിയുടെ 150 കോടി രൂപയുടെ ആസ്തികള്‍ ബെനാമി ഇടപാട് നിരോധന നിയമപ്രകാരം ആദായനികുതി വകുപ്പ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഏറ്റെടുത്തിരുന്നു. ഇതാദ്യമായാണ് ആദായനികുതി വകുപ്പ് ബെനാമി നിയമപ്രകാരം ആസ്തികള്‍ ഏറ്റെടുക്കുന്നത്.
ചോക്സിയുടെ ഗീതാഞ്ജലി ജെംസ് നാസിക് മള്‍ട്ടി സര്‍വീസസ് സെസ് ലിമിറ്റഡ് എന്ന ബെനാമി കമ്പനിയുടെ പേരില്‍ ബല്‍വന്ത്നഗര്‍, മുന്ദേഗാവ്, ഇഗത്പുരി എന്നിവിടങ്ങളില്‍ വാങ്ങിയ 52 പ്ലോട്ടുകളും മുംബൈ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ 3 ഓഫിസുകളുമാണു പിടിച്ചെടുത്തത്. ഇനി ഇവ സര്‍ക്കാര്‍ നിയോഗിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും.
പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍നിന്ന് ചോക്സിയും സഹോദരീപുത്രന്‍ നീരവ് മോദിയും 13,500 കോടി രൂപയുടെ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിടുകയായിരുന്നു. തുക ഈടാക്കാന്‍ ഈ വസ്തുക്കള്‍ ലേലം ചെയ്തേക്കും. ലണ്ടനില്‍ ജയിലില്‍ കഴിയുന്ന നീരവ് മോദി തന്നെ ഇന്ത്യയ്ക്കു കൈമാറാനുള്ള നീക്കത്തിനെതിരെ നിയമപ്പോരാട്ടം നടത്തുകയാണ്. കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയില്‍ പൗരത്വമെടുത്ത ചോക്സിയെ തിരിച്ചെത്തിക്കാനുള്ള ശ്രമവും വിജയിച്ചിട്ടില്ല.