IndiaNEWS

പുതിയ തൊഴില്‍ നിയമം വരുന്നു; തൊഴില്‍ ഉടമകള്‍ക്ക് ആശ്വാസം

വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക ബന്ധം, തൊഴില്‍, സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നാല് കോഡുകളിലായുള്ള പുതിയ തൊഴില്‍ നിയമം കേന്ദ്രം ഉടന്‍ നടപ്പിലാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. തൊഴില്‍ ഉടമകള്‍ക്ക് ആശ്വാസമേകുന്നതായിരിക്കും പുതിയ തൊഴില്‍ നിയമങ്ങള്‍.

ഗുരുതരമായ കേസുകള്‍ ഒഴികെയുള്ള, നാല് ലേബര്‍ കോഡുകള്‍ക്ക് കീഴിലുള്ള എല്ലാ പൊതു പിഴ വ്യവസ്ഥകളും തൊഴില്‍ മന്ത്രാലയം ഡീക്രിമിനലൈസ് ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ ഇത്തരം കേസുകളില്‍ പിഴ മാത്രമായിരിക്കും തൊഴില്‍ ഉടമകളില്‍നിന്ന് ഈടാക്കുക. തൊഴില്‍ നിയമങ്ങളുടെ ലംഘനത്തിന് തൊഴിലുടമകളെ തടവിലാക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഇത് ഗണ്യമായി കുറയ്ക്കുമെന്ന് മന്ത്രാലയം അവകാശപ്പെടുന്നു.  പുതിയ തൊഴില്‍ നിയമം നടപ്പിലാക്കുന്നത് തൊഴിലുടമകളുടെ പ്രശ്‌നങ്ങള്‍ ഗണ്യമായി ലഘൂകരിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലാളികള്‍ കണ്‍കറന്റ് ലിസ്റ്റിലായതിനാല്‍, കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ കുറ്റകൃത്യങ്ങളുടെ ഡീക്രിമിനലൈസേഷന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ അധികാരപരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ സ്വയമേവ ബാധകമാകുമെന്നും അദ്ദേഹം പറഞ്ഞു. നിയമലംഘനങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്ന സാമൂഹിക സുരക്ഷാ ഫണ്ടിലേക്കാണ് ക്രെഡിറ്റാവുക.

നിലവില്‍ 90 ശതമാനം സംസ്ഥാനങ്ങളും നാല് കോഡുകളിലായി നിയമങ്ങള്‍ ഉറപ്പിച്ചതിനാല്‍ പുതിയ തൊഴില്‍ നിയമം ഉടന്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല് കോഡുകളും സെക്ഷനുകളുടെ എണ്ണം 1,228 ല്‍ നിന്ന് 480 ആയി കുറച്ചു. ഇതില്‍ 22 വകുപ്പുകളില്‍ മാത്രമാണ് തടവ് ശിക്ഷയുള്ളത്, അവയില്‍ നാലെണ്ണത്തിന് മാത്രമാണ് ഒരു വര്‍ഷത്തെ തടവ്. നിലവിലെ സാഹചര്യത്തില്‍, ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിനെ നിയന്ത്രിക്കുന്ന 1,536 നിയമങ്ങളില്‍ പകുതിയിലേറെയും തടവ് വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്.

Back to top button
error: