IndiaNEWS

പാക്കിസ്ഥാന്‍ ന്യൂനപക്ഷ അവകാശങ്ങളുടെ സ്ഥിരം ലംഘകര്‍; കടന്നാക്രമിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പരാമര്‍ശത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ സ്ഥിരം ലംഘിക്കുന്ന പാക്കിസ്ഥാന്‍ മറ്റ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് പ്രതികരിക്കുന്നത് അപഹാസ്യമാണ്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, അഹമ്മദീയ വിഭാഗങ്ങളെ പാക്കിസ്ഥാന്‍ എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നതെന്ന് ലോകം സാക്ഷിയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും വലിയ ബഹുമാനമാണ് നല്‍കുന്നത്. മതഭ്രാന്തന്മാരെ പുകഴ്ത്തുകയും അവരെ ആദരിച്ച് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പാക്കിസ്ഥാനിലെ സ്ഥിതിക്കു വിഭിന്നമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കാതെ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഭരണനേതൃത്വം ചെയ്യേണ്ടതെന്നും ഇന്ത്യ വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ ഭരണത്തില്‍ മുസ്ലിംകളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ ഹനിക്കപ്പെടുകയാണെന്നും ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രതികരിച്ചിരുന്നത്. ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.

ടിവി ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് നടത്തിയ പ്രസ്താവനയാണ് വന്‍വിവാദമായത്. തുടര്‍ന്ന് യുപിയിലെ കാന്‍പുരിലുണ്ടായ സംഘര്‍ഷം അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളര്‍ന്നു. വിവാദ പരാമര്‍ശം നടത്തിയ വക്താവ് നൂപുര്‍ ശര്‍മയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തു.

Back to top button
error: