മോസ്‌കോ: റഷ്യയുടെ യുക്രൈനില്‍ അധിനിവേശത്തെത്തുടര്‍ന്ന് ലോകരാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ ഉപരോധമേര്‍പ്പെടുത്തിയപ്പോള്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ സ്വകാര്യ എണ്ണക്കമ്പനികള്‍. റഷ്യന്‍ എണ്ണയുടെ വിലയിലുണ്ടായ ഇടിവ് മുതലെടുത്ത് റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി സംസ്‌കരിച്ച് യൂറോപ്പിലേക്കും മറ്റും കയറ്റി അയച്ചാണ് സ്വകാര്യ കമ്പനികള്‍ വന്‍ ലാഭമുണ്ടാക്കുന്നത്.
യുക്രൈന്‍ അധിനിവേശം 100 ദിവസത്തിനരികെ നില്‍ക്കെ യൂറോപ്യന്‍ രാജ്യങ്ങളിലേറെയും ഇപ്പോഴും റഷ്യയില്‍ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നില്ല. അവിടങ്ങളില്‍ ഇന്ധന ലഭ്യത ഉറപ്പുവരുത്താന്‍ മറ്റു മാര്‍ഗങ്ങളെന്ന നിലക്കാണ് വിദേശ രാജ്യങ്ങളിലെ സ്വകാര്യ എണ്ണക്കമ്പനികളെ ആശ്രയിക്കേണ്ടിവരുന്നത്. റിലയന്‍സ്, നയര പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് വന്‍ നേട്ടത്തിന് അവസരമായി മാറിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു.
ഒരു ബാരല്‍ എണ്ണക്ക് 30 ഡോളര്‍ (2325 രൂപ) വരെ ലാഭമാണ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. കയറ്റുമതി കൂടിയതോടെ ഇന്ത്യക്കകത്ത് ഈ കമ്പനികളുടെ പേരിലുള്ള പമ്പുകളില്‍ വില്‍ക്കുന്ന എണ്ണക്ക് വില കൂട്ടുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിലേതിനെക്കാള്‍ വില കൂടുതലായതിനാല്‍ ആഭ്യന്തര വില്‍പനയില്‍ കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 10 ശതമാനമുണ്ടായിരുന്ന സ്വകാര്യ കമ്പനികളുടെ വിഹിതം ഏഴു ശതമാനമായാണ് കുറഞ്ഞത്. കയറ്റുമതി കൂടിയതിനാല്‍ ഇത് ബോധപൂര്‍വമാണെന്നാണ് സൂചന. കമ്പനി വൃത്തങ്ങളും വില കൂട്ടിയത് സ്ഥിരീകരിക്കുന്നുണ്ട്.
ദീര്‍ഘകാല കരാറായതിനാല്‍ രാജ്യത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികള്‍ റഷ്യന്‍ എണ്ണയെ കൂടുതലായി ആശ്രയിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി 24ന് യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം 6.2 കോടി ബാരല്‍ അസംസ്‌കൃത എണ്ണയാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി കൂടുതല്‍. ഇന്ത്യയില്‍ നിന്നുള്ള എണ്ണ കയറ്റുമതിയിലുമുണ്ട് വര്‍ധന. 15 ശതമാനം കൂടുതലാണിത്.