തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാകുടിപ്പകയെത്തുടര്‍ന്ന് വീണ്ടും കൊലപാതകം. കൊലക്കേസ് പ്രതിയായ മണിച്ചന്‍ എന്നയാളാണ് വെട്ടേറ്റു മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ഹരികുമാര്‍ എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മദ്യപിക്കുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.
നിരവധി കേസുകളിലെ പ്രതിയായ മണിച്ചനും സുഹൃത്ത് ഹരികുമാറും രണ്ടു ദിവസം മുമ്പ് ലോഡ്ജില്‍ മുറിയെടുത്തു. ഇന്നലെ മദ്യപിക്കാനായി ഇവരോടൊപ്പം മറ്റ് രണ്ടുപേര്‍ കൂടിയുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികളെന്ന് സംശയിക്കുന്ന ഇവര്‍ രക്ഷപ്പെട്ടു.
ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗുണ്ടാ കുടിപ്പകയാണോയെന്നും അന്വേഷിക്കുന്നുണ്ട്. 2016 ലെ വഴയില ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് മണിച്ചൻ
ഏതാനും മാസം മുമ്പ് നടന്ന പോത്തന്‍കോട് കൊലപാതകത്തിൻ്റെ നടുക്കത്തിൽ നിന്നും മോചനം നേടിയിട്ടില്ല തലസ്ഥാനം. മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തൻകോട് കല്ലൂരിലെ വീട്ടിൽവച്ച് ഉച്ചയ്ക്ക് രണ്ടരയോടെ ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകർത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയവരെയും വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയും ആക്രമിച്ച ഗുണ്ടാസംഘം സുധീഷിൻ്റെ ഒരുകാൽ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു.
ഗുണ്ടാനേതാവ് രാജേഷിൻ്റെ സുഹൃത്തിനെ കൊന്നതിന് പ്രതികാരമായാണ് സുധീഷിനെ വെട്ടിക്കൊന്നത്.
ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയും ശത്രുതയും മൂലം ജില്ലയിൽ കൊലപാതക പരമ്പരകൾ അരങ്ങേറുകയാണ്.
മംഗലപുരത്ത് ഗുണ്ടാ ആക്രമണത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മുണ്ടക്കൽ സ്വദേശികളായ സുധി, കിച്ചു എന്നിവർക്കാണ് വെട്ടേറ്റത്. മംഗലപുരം മുല്ലശേരിയിലാണ് ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം വിഴിഞ്ഞം ഉച്ചക്കടയിൽ യുവാവ് രണ്ടു മാസം മുമ്പ് കുത്തേറ്റ് മരിച്ചു. പയറ്റുവിള സ്വദേശി സജി കുമാറാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിലെടുത്തു. സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് സജി കുമാറിന് കുത്തേറ്റത്.
ഭരണ നേതൃത്വത്തിൻ്റെയും പൊലീസ് മേലാളന്മാരുടെയും മൂക്കിൻ തുമ്പിലാണ് ഈ അധോലോക വിളയാട്ടം എന്നോർക്കുമ്പോഴാണ് കേരളം നടുങ്ങുന്നത്.