മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് അന്വേഷിക്കണമെന്ന് അതിജീവിത. ദൃശ്യങ്ങള്‍ ചോര്‍ന്നത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുെമന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും അതിനായി അനേഷണ സംഘത്തിന് കൂടുതൽ സമയം നൽകണമെന്നും അതിജീവിത കോടതിയോട് അഭ്യർത്ഥിച്ചു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നു പ്രോസിക്യൂഷനും കോടതിയിൽ അറിയിച്ചു.
ഇതിനിടെ വിചാരണ കോടതിക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. കോടതികളില്‍ ആദ്യമേ വിധിയെഴുതി വച്ചൂ. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. ഹര്‍ജികളുമായി ചെല്ലുമ്പോള്‍ പ്രോസിക്യൂട്ടര്‍മാര്‍ കോടതി മുറിക്കുള്ളില്‍ അപമാനിക്കപ്പെടുകയാണ്. എന്നാല്‍ എന്തുകൊണ്ടാണ് പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ നിന്ന് പിന്മാറാന് കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോട് കോടതിക്ക് മൃദുസമീപനമെന്നും പാവപ്പെട്ടവനോട് മറ്റൊരു സമീപമെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി.
എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ദിലീപ് ആരോപിച്ചു. കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റ്. അന്വേഷണവിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു, പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണ് ഇതിന് പിന്നിലെന്നും കോടതിയിൽ ദിലീപ് പറഞ്ഞു. വിചാരണ ഒഴിവാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അഭിഭാഷകരെ പോലും പ്രതിക്കൂട്ടിലാക്കാൻ ശ്രമം നടക്കുന്നു. ഒരുദിവസംപോലും തുടരന്വേഷണം നീട്ടരുതെന്ന് ദിലീപ് പറയുന്നു.നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷന് അറിഞ്ഞില്ല. ഹാഷ് വാല്യൂ മാറി എന്നറിഞ്ഞു മൂന്നു വർഷത്തിന് ശേഷമാണ് ആരോപണവുമായി വരുന്നതെന്നും ദിലീപ് പറഞ്ഞു.
അതേസമയം ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ആ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ടുതവണ തുറക്കപ്പെട്ടെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് തെളിവുകൾ ലഭിച്ചു. തുടരന്വേഷണത്തിന് സാവകാശം തേടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഈ വെളിപ്പെടുത്തൽ.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഒഴിവാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ശ്രമിക്കുന്നതെന്ന് ദിലീപ്. കേസ് അന്വേഷണത്തിന്റെ സമയപരിധി നീട്ടി നൽകണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിക്കുമ്പോഴാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമർശനം ഉന്നയിച്ചത്.
ബൈജു പൗലോസിനെ വിസ്തരിക്കുന്നതിനു തൊട്ടുമുമ്പാണ് തുടരന്വേഷണം ആരംഭിച്ചതെന്നും പ്രോസിക്യൂഷൻ ജുഡീഷ്യറിയെയും ജഡ്ജിമാരെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടില്ല. കോടതി വിഡിയോ പരിശോധിച്ചു എന്നാണ് ആരോപണം. പരിശോധിച്ചെങ്കിൽ എന്താണ് തെറ്റ്. നടപടിക്രമങ്ങളുടെ ഭാഗമായി വിഡിയോ മാത്രമല്ല ഏത് രേഖയും പരിശോധിക്കാൻ കോടതിക്ക് അധികാരമുണ്ട്. കോടതി വിഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മിൽ ബന്ധമില്ല. ഈ വിഷയത്തിൽ കേസെടുക്കാൻ അധികാരം കോടതിക്ക് മാത്രമാണ്.
തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ചിന്റെ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റിവച്ചു.