തിരുവനന്തപുരം: കോവിഡിന്റെ അതിതീവ്ര ഘട്ടം പിന്നിട്ട് സജീവമാകുന്ന അധ്യയനവർഷം ഇന്ന് (ബുധൻ) ആരംഭിക്കും. പുത്തനുടപ്പും പുസ്തകങ്ങളുമായി എത്തുന്ന ബാല്യ – കൗമാരങ്ങളെ എതിരേൽക്കാൻ വിദ്യാലയങ്ങളും നാടും തയ്യാറായി. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽലക്ഷത്തോളം അനധ്യാപകരും സ്കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ അഞ്ച് ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൈറ്റ് വിക്ടേഴ്‌സിൽ ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. എല്ലാ സ്കൂളുകളിലും ചടങ്ങ് തത്സമയം വീക്ഷിക്കാൻ ക്രമീകരണമൊരുക്കും. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് കണ്ടതിനുശേഷം പത്തേകാലിന് ജില്ലാ, സ്കൂൾതല പ്രവേശനോത്സവ പരിപാടികൾ ആരംഭിക്കാനാണ് നിർദേശം.
ഒന്നാംവാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്കൂളുകളിൽ എത്തിച്ചു. പി.എസ്.സി. നിയമനം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിയിൽ പ്രവേശിക്കും.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി മന്ത്രി വി ശിവൻകുട്ടി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമായി ചർച്ച നടത്തി. റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം. സ്കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടി. സ്കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കും. അവശ്യഘട്ടങ്ങളിൽ പൊലീസ് സഹായം തേടാൻ അധികൃതർ മടിക്കരുതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
സ്‌കൂള്‍ തുറക്കല്‍; മാസ്‌ക് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി
കൊവിഡ് ഇടവേളയ്ക്ക് ശേഷം, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സമയത്ത് കര്‍ശന നിര്‍ദേശങ്ങളുമായി സജീവമാണ് സര്‍ക്കാര്‍. സ്‌കൂളില്‍ എല്ലാ വിദ്യാര്‍ത്ഥികളും അധ്യാപകരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനം ഇപ്പോഴും കൊവിഡില്‍ നിന്ന് പൂര്‍ണമായി മുക്തമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ കരുതല്‍ വേണമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തുറക്കല്‍; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പൊലീസ് മേധാവി
സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും സൗഹാര്‍ദ്ദപരവുമായ പഠനാന്തരീക്ഷം ഉറപ്പുനല്‍കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിരത്തുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂള്‍ ബസുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും നിര്‍ദ്ദേശമുണ്ട്.
വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാന്‍ അനുവദിക്കില്ല. വാഹനങ്ങളുടെ ഫിറ്റ്‌നെസ്, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉറപ്പാക്കണം.
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികളെ റോഡ് മുറിച്ചുകടത്തുന്നതിന് പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സേവനം ലഭ്യമാക്കും.
സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും മറ്റ് സ്വഭാവദൂഷ്യങ്ങള്‍ ഇല്ലെന്നും സ്‌കൂള്‍ അധികൃതര്‍ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയശേഷം മാത്രമേ പൊലീസ് അനുമതി നല്‍കൂ. സ്‌കൂള്‍ അധികൃതരുടെ സഹകരണത്തോടെ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കും. സ്‌കൂള്‍ പരിസരങ്ങളില്‍ മയക്കുമരുന്ന്, മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സ്‌കൂള്‍ പരിസരങ്ങളിലെ പിടിച്ചുപറി, മോഷണം എന്നിവയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കും.