IndiaNEWS

തിരുപ്പതിയിൽ നിയന്ത്രണാതീതമായ ജനത്തിരക്ക്, ദര്‍ശനം മാറ്റിവെക്കാന്‍ ക്ഷേത്രക്കമ്മിറ്റിയുടെ അഭ്യര്‍ത്ഥന

    തിരുമല: തിരുപ്പതി ദര്‍ശനം മറ്റിവെക്കാന്‍ ഭക്ത ജനങ്ങളോട് അഭ്യര്‍ത്ഥിച്ച്‌ തിരുമല തിരുപ്പതി ദേവസ്ഥാനം. കഴിഞ്ഞ ദിവസങ്ങളിൽ വന്‍ ഭക്തജനത്തിരക്കാണ് തിരുപ്പതിയില്‍ അനുഭവപ്പെട്ടത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് തിരുപ്പതി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവരോട് യാത്ര മറ്റിവെക്കാൻ തിരുപ്പതി ദേവസ്ഥാനം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

വൈകുണ്ഠ ഏകാദശി, ഗരുഡസേവ ദിവസങ്ങളിലെ തീര്‍ഥാടക തിരക്കിനേക്കാള്‍ ഇപ്പോൾ തിരക്ക് കൂടുതലാണെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. എല്ലാ ക്യൂ ലൈനുകളിലും കമ്പാര്‍ട്ടുമെന്റുകളിലും തിരക്കാണെന്നും ശ്രീവാരി ദര്‍ശനത്തിന് 48 മണിക്കൂര്‍ എടുക്കുന്നുണ്ടെന്നും ടി.ടി.ഡി അധികൃതര്‍ പറഞ്ഞു. നിലവില്‍ മണിക്കൂറില്‍ 4,500 ഭക്തര്‍ക്ക് മാത്രമേ ശ്രീവരി ദര്‍ശനം നല്‍കാനാകൂ, ഈ നിരക്കില്‍ എല്ലാവര്‍ക്കും ദര്‍ശനം നല്‍കാന്‍ രണ്ട് ദിവസമെടുക്കും. അതുകൊണ്ടുതന്നെ തീര്‍ത്ഥാടകര്‍ നിലവിലെ സാഹചര്യം കണക്കിലെടുക്കണമെന്നും അസൗകര്യങ്ങള്‍ ഒഴിവാക്കുന്നതിനായി തീര്‍ത്ഥാടന പദ്ധതികള്‍ മാറ്റിവെക്കണമെന്നും തിരുപ്പതി ദേവസ്ഥാനം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ മാസവും തിരുപ്പതി ക്ഷേത്രത്തില്‍ തീര്‍ഥാടകരുടെ വലിയ തിരക്കുണ്ടായിരുന്നു. തിരക്കില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടോക്കണ്‍ എടുക്കാന്‍ തീര്‍ഥാടകര്‍ തടിച്ച് കൂടിയതിനെ തുടര്‍ന്നാണ് അപകടം നടന്നത്.

Signature-ad

സൗജന്യ ദര്‍ശനം അനുവദിക്കുന്ന സര്‍വദര്‍ശന്‍ ടോക്കണിനായി ആയിരുന്നു തിരക്ക്. ആകെ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നാണ് ടോക്കണ്‍ വിതരണം ചെയ്തിരുന്നത്. സ്ഥലത്ത് തിരക്ക് നിയന്ത്രിക്കാനായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നുവെങ്കിലും നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയായിരുന്നു.

തീര്‍ഥാടകരുടെ തിരക്കിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വിഐപിക്കായി ഉള്ള പ്രത്യേക സന്ദര്‍ശന സൗകര്യം 5 ദിവസത്തേക്ക് നിര്‍ത്തി വെച്ചിരുന്നു. ഇതോടെയാണ് ടോക്കണുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം ഉണ്ടായത്. ഇതിന് പിന്നാലെയാണ് 30000 ടോക്കളുകളില്‍ നിന്ന് 45000 ടോക്കണുകളായി വര്‍ധിപ്പിച്ചത്

ശനിയാഴ്ച വൈകീട്ട് ക്യൂ ലൈനുകള്‍ പരിശോധിച്ച്‌ ഭക്തര്‍ക്കുള്ള സൗകര്യം വര്‍ധിപ്പിക്കാന്‍ ഇ.ഒ എല്ലാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ളം, പാല്‍, പ്രസാദം തുടങ്ങിയവയുടെ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും പോലീസ് വകുപ്പുമായി ഏകോപിപ്പിച്ച്‌ ടിടിഡി ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: