IndiaNEWS

വാടക ഗർഭപാത്ര നിയന്ത്രണ നിയമം ; കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

ദില്ലി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്. 2021ലെ നിയമങ്ങൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസ് വിപിൻ സംഖി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടിയത്. ആറാഴ്ചയ്ക്കകം മറുപടി നൽകാനാണ് നിർദേശം.

കേസ് നവംബർ 19ന് വീണ്ടും പരിഗണിക്കും. വാടക ഗർഭപാത്രം, പ്രത്യുത്പാദന സാങ്കേതിക വിദ്യ എന്നിവയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമങ്ങൾ വിവേചനപരമാണെന്നാണ് ഹർജിക്കാരുടെ വാദം. അഭിഭാഷകനായ കരൺ ബൽരാജ് മേത്തയും സൈക്കോളജി അധ്യാപിക പങ്കുരി ചന്ദ്രയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ കുട്ടികളുള്ള സ്ത്രീക്കും പുരുഷനും വാടക ഗ‌ർഭധാരണത്തിന് അനുമതിയില്ല.

ഇത് ചോദ്യം ചെയ്താണ് ഇരുവരും കോടതിയിലെത്തിയത്. പ്രത്യുൽപാദനത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകിയിട്ടുള്ളതാണെന്നും, ആർട്ടിക്കിൾ 21 പ്രകാരം മൗലികാവകാശത്തിന്റെ ഭാഗമാണിതെന്നുമാണ് ഇരുവരുടെയും വാദം. വാണിജ്യ വാടക ഗർഭധാരണം മാത്രമാണ് തങ്ങൾക്ക് ലഭ്യമായ ഒരേയൊരു ഓപ്ഷൻ എന്നും എന്നാൽ വാണിജ്യ വാടക ഗർഭധാരണത്തിനുള്ള നിരോധനം തങ്ങളുടെ അവകാശം കവർന്നെടുക്കുന്നുവെന്ന് ഹർജിക്കാർ വ്യക്തമാക്കുന്നു.

Back to top button
error: