NEWS

വ്യാജ അശ്ലീല വീഡിയോ ഉണ്ടാക്കി നാട്ടുകാർക്കിടയിൽ വിതരണം ചെയ്യലാണോ കോൺഗ്രസിന്റെ പോസിറ്റീവ് പൊളിറ്റിക്സ് ?

ഡോ.ദയ പാസ്കൽ എന്ന സ്ത്രീ  മാധ്യമങ്ങളുടെ അന്തസ്സിനേയും നൈതികതയെയും ചുട്ടുപൊള്ളിക്കുന്ന ഒരു ചോദ്യം കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.അവർ വേറാരുമല്ല, തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ ഭാര്യയാണ്.
 ഒരുസംഘം സൈബർ ക്രിമിനലുകൾ  ജോയേയും കുടുംബത്തെയും വ്യാജ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചുകൊണ്ടു വേട്ടയാടാൻ തുടങ്ങിയിട്ട് നാലഞ്ചു ദിവസമായി ….
സോഷ്യൽ മീഡിയയിലെ ഓരോ ചലനവും അറിയുന്ന കേരളത്തിലെ മാധ്യമങ്ങൾ ഇതൊക്കെക്കാണുന്നുമുണ്ട്. ഇതൊക്കെക്കണ്ടിട്ടും അതിനെ ഗൗനിക്കാൻ പോലും തയ്യാറാകാത്ത മാധ്യമരീതിയിലെ അധാർമികത ദയ ഇന്ന് അത്രമേൽ കണിശമായി തുറന്നുകാട്ടിയിട്ടുണ്ട്.
അല്പമെങ്കിലും അന്തസും മാന്യതയുമുണ്ടെങ്കിൽ മാധ്യമപ്രവർത്തകർക്ക് ആ ചോദ്യത്തിന്റെ പൊള്ളൽ ഏൽക്കേണ്ടതാണ്..
ദേശാഭിമാനിയിലെ കരാർ ജീവനക്കാരൻ സോഷ്യൽ മീഡിയയിൽ പറഞ്ഞ കാര്യത്തിന് പി രാജീവിനെയും കോടിയേരിയെയും വരെ വിചാരണക്കൂട്ടിൽ കേറ്റിയ ടീമാണ് ..
എഴുപത് രൂപ ഓട്ടോക്കൂലി വാങ്ങിയതിന് ഓമനക്കുട്ടനെ വിചാരണ നടത്താൻ മണിക്കൂറുകളോളം ചിലവഴിച്ചവരാണ്.
അതിജീവിതക്ക് ഇല്ലാത്ത അവിശ്വാസം ” ഉണ്ടാക്കി ” മൂന്നുദിവസം ചർച്ച ചെയ്തവരാണ്…
ഇവിടെ ഒരു സ്ഥാനാർത്ഥിയെ വ്യാജ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ച്  മൂന്നുനാൾ കഴിഞ്ഞിട്ടും ഒരു മാധ്യമക്കൂട്ടത്തിന്റെയും ധാർമിക രോഷം നുരഞ്ഞുപൊങ്ങിയിട്ടില്ല ..
വെറുതെ ഒരു കൗതുകത്തിന് കുറച്ചു മാധ്യമപ്രവർത്തകരുടെ പ്രൊഫൈലുകൾ എടുത്തുനോക്കി … ഒരാളും അങ്ങേയറ്റം നീചമായ ഈ സൈബർ ആക്രമണത്തിന്റെ കാര്യമേ അറിഞ്ഞിട്ടില്ല.മാധ്യമങ്ങൾക്ക് മാത്രമല്ല വ്യക്തിപരമായിട്ട് മാധ്യമപ്രവർത്തകർക്കും ഈ നീചമായ രീതിയിൽ ഒരു ധാർമികരോഷവുമില്ല എന്ന് ചുരുക്കം …
കാരണം ലളിതമാണ് … ആക്രമണത്തിന് വിധേയമായിരിക്കുന്നത് സിപിഐഎംകാരന്റെ കുടുംബമാണ് … അപ്പോൾപ്പിന്നെ ധാർമികരോഷമൊന്നും ഉണ്ടാകില്ല .. മാത്രവുമല്ല അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് കോൺഗ്രസുകാരുമാണ് … തൃക്കാക്കരയിൽ കോൺഗ്രസിന് ബൂസ്റ്റ് കലക്കിക്കൊടുക്കുന്ന മാധ്യമകോട്ടെഷൻ ടീമിന് അപ്പോൾ ധാർമികരോഷം കൊള്ളാനേ കഴിയില്ലല്ലോ ..!
 ഇമ്മാതിരി അന്തസ്സില്ലാത്ത വഴികളിലൂടെ ഉണ്ടാക്കുന്ന ചോറിൽനിന്നും മക്കൾക്കൊരുരുള കൊടുക്കുമ്പോൾ ഇവർക്കൊന്നും ഒരു മനഃസാക്ഷിക്കുത്തും തോന്നുന്നില്ലേ ? ഇത്രമാത്രം ആത്മവഞ്ചന നടത്താനും അതിലൂടെ സമ്പാദിക്കുന്നത് തിന്നാനും എങ്ങനെയാണ് ഇക്കൂട്ടർക്ക് സാധിക്കുന്നത് ? ഇത്രമാത്രം ആത്മാഭിമാനമില്ലാതെ ജീവിക്കാൻ എങ്ങനെയാണു സാധിക്കുന്നത്?
ഇന്നലെ ഈ വിഷയം ചർച്ചക്കെടുത്തത് മനോരമ മാത്രമാണ്.അതിനെ അഭിനന്ദിക്കുമ്പോൾ തന്നെ അതിലെ കുടിലത കാണാതെയും വയ്യ …. ഏറ്റവും ജൂനിയറായ റഷീദ് എന്ന ആങ്കറെ ദൗത്യമേൽപ്പിച്ച് അവരുടെ വിനീത വിധേയ പണിക്കാരനുമായ ജോണി ലൂക്കോസും തടിതപ്പി. നേർച്ചപോലൊരു ചർച്ച ..
 ഇരയാക്കപ്പെട്ടത് സിപിഐഎം കാരന്റെ കുടുംബവും വേട്ടക്കാർ കോൺഗ്രസുമായതുകൊണ്ടുതന്നെ ആവേശം തീരെയില്ല … നേരെ തിരിച്ചായിരുന്നെകിൽ നിഷ , ഷാനി,  അയ്യപ്പദാസ് എന്നിവരിൽ ആരെങ്കിലും കൊടുവാളുമായി ഇറങ്ങുമായിരുന്നു.
മറ്റൊന്നുകൂടിയുണ്ട്- “വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച അഞ്ചുപേർ അറസ്റ്റിൽ” എന്ന വാർത്തക്കൊപ്പം മനോരമ കൊടുത്ത ഫോട്ടോ വി കെ സനോജ് അടക്കമുള്ള അഞ്ചു ഡിവൈഎഫ്ഐ നേതാക്കളുടേതാണ്.അറസ്റ്റിലായ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് അടക്കമുള്ള നേതാക്കളെ  ഇങ്ങനെ വാരിപ്പൊതിഞ്ഞു സംരക്ഷിക്കാൻ ഒരു ലജ്ജയും മനോരമക്കില്ല എന്നതാണ് വാസ്തവം.
ഡോ.ദയ പറഞ്ഞ മറ്റൊരു  കാര്യം കൂടിയുണ്ട് .. തിരഞ്ഞെടുപ്പ് വരും പോകും.. നമുക്ക് നാളെയും ഇവിടെ ജീവിക്കണ്ടേ , ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നാളെയും സ്‌കൂളിൽ പോകണ്ടേ , എനിക്ക് നാളെയും ജോലിക്ക് പോകണ്ടേ ..?
എന്തുതരം നാറിയ രാഷ്ട്രീയ രീതികളാണ് കോൺഗ്രസ് നാടിനു കാണിച്ചുകൊടുത്തുകൊണ്ടിരിക്കുന്നത് ? ഇതാണോ വിഡി സതീശൻ പറഞ്ഞ  “പോസിറ്റീവ് പൊളിറ്റിക്സ്” ? തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിയായി എന്നതിന്റെപേരിൽ വ്യാജ അശ്ലീല വീഡിയോ ഉണ്ടാക്കി നാട്ടുകാർക്കിടയിൽ വിതരണം ചെയ്യലാണോ കോൺഗ്രസിന്റെ പോസിറ്റീവ് പൊളിറ്റിക്സ് ?
വീഴ്ച മണത്ത പോത്ത് വിളറിപിടിച്ച് ചാടും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോൺഗ്രസിന്റെ ഈ നെറികെട്ട രാഷ്ട്രീയം.
‘നിലപാടുകളാണ്‌ രാഷ്‌ട്രീയമെന്ന്‌ അറിയാത്തവരോട്‌ പറഞ്ഞിട്ടെന്തുകാര്യം.ആരോഗ്യകരമായ രാഷ്‌ട്രീയസംവാദത്തിന്‌ ആയുധമില്ലാത്തതുകൊണ്ടാണ്‌ പച്ചക്കള്ളം പ്രചരിപ്പിച്ച്‌ വ്യക്തിപരമായി ആക്രമിക്കുന്നത്‌. എതിർസ്ഥാനാർഥികളെക്കുറിച്ച്‌ ഞങ്ങൾ ഒരാക്ഷേപവും പറഞ്ഞിട്ടില്ല. അങ്ങോട്ട്‌ കാണിക്കുന്ന മാന്യതയുടെ ഒരംശമെങ്കിലും തിരിച്ച്‌ പ്രതീക്ഷിക്കുന്നത്‌ തെറ്റാണോ’–-ഡോ. ദയ ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: