ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വലിയ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മുംബൈ ആഢംബര കപ്പൽ മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നിരപരാധിയെന്ന് നാർക്കോട്ടിക് കണ്ട്രോൾ ബ്യുറോ ക്ലീൻ ചിറ്റ് നൽകിയത് കേസിൽ നിർണായക വഴിത്തിരിവായി .ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് പുറകെയാണ് ആര്യൻ കുറ്റക്കാരനല്ലെന്ന എൻ സി ബിയുടെ കണ്ടെത്തൽ താര കുടുംബത്തിന് ആശ്വാസം നൽകുന്നത്.
ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഗൂഢാലോചന നടത്തിയതായി തെളിവുകളില്ലെന്നായിരുന്നു ബോംബെ ഹൈക്കോടതി ഉത്തരവിൽ പറഞ്ഞത് . തുടർന്നാണ് ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചതും 27 ദിവസത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻ ഖാൻ ഒക്ടോബർ 30 ന് ജയിൽ മോചിതനാകുന്നതും നിബന്ധനകളുടെ ഭാഗമായി എല്ലാ ആഴ്ചയിലും എൻ സി ബി മുംബൈ ഓഫീസിൽ ഹാജരാകുന്നത് പിന്നീട് താര പുത്രന്റെ അഭ്യർത്ഥന മാനിച്ച് ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും മുംബൈ വിട്ട് പുറത്ത് പോകുവാനോ മാധ്യമങ്ങളോട് സംസാരിക്കുവാനോ, പൊതു ചടങ്ങുകളിൽ പങ്കെടുക്കാനോ അനുമതി ഉണ്ടായിരുന്നില്ല.
എന്തായാലും ആര്യൻ ഖാന് വലിയ ആശ്വാസത്തിന് വക നൽകുന്നതാണ് ഈ വാർത്ത. ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ 27 ദിവസമാണ് ആര്യൻ ഖാനും കൂട്ടുകാരും ജയിൽവാസം അനുഭവിച്ചത്.കപ്പലിൽ ലഹരിമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയ സമീർ വാങ്കഡെയ്ക്ക് വലിയ തിരിച്ചടിയാണ് പുതിയ അന്വേഷണ റിപ്പോർട്ട്. സമീർ വാങ്കഡെ റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും പണം തട്ടിയെടുക്കാൻ വേണ്ടി കെട്ടിച്ചമച്ച കേസാണെന്നും വലിയ വിമർശനങ്ങൾ നേരിട്ടിരുന്ന ദേശീയ ശ്രദ്ധ നേടിയ കേസിനാണ്പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. അന്ന് മന്ത്രി നവാബ് മാലിക്കിന്റെ ആരോപണത്തെത്തുടർന്നാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണം മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത് .
ആര്യൻ ഖാൻ കേസിലെ ‘വിവാദ’ സാക്ഷി, പ്രഭാകർ സെയിൽ മരണപ്പെട്ടതും ദുരൂഹത ഉയർത്തിയിരുന്നു . ആര്യൻ ഖാനെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് പ്രഭാകർ ആണ്. ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നുവെന്നും 8 കോടിയാണ് ഇത്തരത്തിൽ സമീർ വാംഗഡെക്ക് ലഭിക്കുകയെന്നുമായിരുന്നു ആരോപണം.ആര്യൻ ഖാനിൽ നിന്ന് റൈഡ് നടത്തിയ അന്വേഷണ സംഘത്തിന് ലഹരി മരുന്ന് പിടിച്ചെടുത്തിരുന്നില്ല. റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ലെന്നതും അന്വേഷത്തിന്റെ സുതാര്യതയെ ചോദ്യം ചെയ്തിരുന്നു . മൊബൈൽ ഫോൺ ചാറ്റുകൾ പരിശോധിച്ചതിൽ നിന്ന് രാജ്യാന്തര ലഹരി മരുന്ന് സംഘവുമായുള്ള ബന്ധം തെളിയിക്കാനായില്ലെന്നും ഗൂഢാലോചന വാദം നിലനിൽക്കില്ലെന്നും ഡൽഹിയിൽ നിന്നെത്തിയ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു .