ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും റിമാന്‍ഡ് ചെയ്തു.
അതിനിടെ പോപ്പുലര്‍ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടി.
കുട്ടിയെ അന്വേഷിച്ച് പോലീസ് സംഘം ഇന്നലെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയിട്ട നിലയിലായിരുന്നു.കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് കുടുംബം വീട്ടില്‍ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്.ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.ഇതിനൊപ്പം സംഭവത്തില്‍ പ്രതിചേര്‍ത്ത പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി മുജീബിനായുള്ള തിരച്ചിലും പൊലീസ് തുടരുകയാണ്.കേസുമായി ബന്ധപ്പെട്ട് ഒട്ടേറെപ്പേരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്.കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.