CareersNEWS

അബ്ദുൾജലീലിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് 57 ലക്ഷം രൂപ വിലയുള്ള ഒന്നേകാൽകിലോ കള്ളക്കടത്തു സ്വർണം വീണ്ടെടുക്കാൻ, സ്വർണക്കടത്ത്, തട്ടിക്കൊണ്ടു പോകൽ, കൊലപാതകം: രഹസ്യകഥകൾ പുറത്ത്

പെരിന്തൽമണ്ണ: സൗദിയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ അബ്ദുൾജലീലിന് നൽകിയ സ്വർണം ഇവിടെയെത്താതിരുന്നതാണ് അയാളെ കൊലപ്പെടുത്താനുള്ള  കാരണമെന്ന് പോലീസ്. ചോദ്യംചെയ്യലിൽ മുഖ്യ പ്രതി യഹിയയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

യഹിയയുടെ പങ്കാളികൾ ഏജന്റുമാർ മുഖേന ജലീലിന് സ്വർണം നൽകിയിരുന്നു. സ്വർണം സ്വന്തം ശരീരത്തിൽ ഒളിപ്പിച്ച ജലീലിനെ ഈ ഏജന്റുമാർ തന്നെ വിമാനത്താവളത്തിലെത്തിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ ലോഞ്ചിലെത്തും വരെ ഇയാൾ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നെടുമ്പാശേരിയിൽ എത്തിയതോടെ യഹിയയും സംഘവും ജലീലിനെ കാറിൽ കയറ്റി ക്കൊണ്ടു പോയി. എന്നാൽ ജലീലിന്റെ കയ്യിലോ ശരീരത്തിലോ സ്വർണമുണ്ടായിരുന്നില്ല. ഇതോടെയാണത്രേ സംഘം മർദനവും പീഡനവും തുടങ്ങിയത്. കൊടുത്തുവിട്ട സ്വർണം ജിദ്ദയിൽതന്നെ ആർക്കെങ്കിലും കൈമാറുകയോ ഒളിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാം എന്നാണ് യഹിയയുടെ ഭാഷ്യമെന്ന് പോലീസ് പറയുന്നു.

സ്വർണം ഇവിടെ എത്തിയോ എന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണത്തിലേ വ്യക്തമാകൂ എന്ന് ഡിവൈ.എസ്.പി, എം. സന്തോഷ്കുമാർ പറഞ്ഞു. സ്വർണം ജലീലിന്റെ അവിടുത്തെ മുറിയിൽ തന്നെയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾക്കായി അവിടുത്തെ പോലീസും അന്വേഷണ ഏജൻസികളുമായും ബന്ധപ്പെടുന്നതിന് നടപടി സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

യഹിയയ്ക്ക് ആദ്യംമുതലേ എല്ലാകാര്യങ്ങളിലും പങ്കുണ്ടായിരുന്നു. അബ്ദുൾ ജലീലിന് മുൻപ് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യങ്ങൾ ഇയാളുടെ യാത്രാരേഖകൾ പരിശോധിച്ചശേഷമേ പറയാനാകൂവെന്നും പോലീസ് പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ജലീലിനെ കൂട്ടിക്കൊണ്ടുവന്ന് ആദ്യം പെരിന്തൽമണ്ണ ജൂബിലിയിലെ ആൾത്താമസമില്ലാത്ത വീട്ടിലെത്തിച്ച് മർദിച്ചു. തുടർന്ന് ആക്കപ്പറമ്പ് ഗ്രൗണ്ടിലും റബ്ബർതോട്ടത്തിലും പിന്നീട് മാനത്തുമംഗലത്ത് രഹസ്യകേന്ദ്രത്തിലും കൊണ്ടുവന്നു പീഡിപ്പിച്ചു. കൂടുതൽ പരിക്കേൽപ്പിച്ച സമയത്ത് ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസും മറ്റും കൊടുത്തു. കേസിൽ നേരത്തേ അറസ്റ്റിലായ മണികണ്ഠൻ, റഫീഖ് മുഹമ്മദ് മുസ്തഫ, അനസ് ബാബു, മുഹമ്മദ് അബ്ദുൾ അലി, അൽത്താഫ് എന്നിവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും പോലീസ് പറഞ്ഞു. കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേരാണ് വിദേശത്തേക്കു കടന്നത്.

ഇവരടക്കം നാലുപേർകൂടി കേസിൽ പ്രതികളാണ്. ഇവരെ പിടികൂടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. യഹിയയുടെ പങ്കാളികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അതിനാൽ കൂടുതൽ അറസ്റ്റുകളുണ്ടാകാൻ സാധ്യതയുണ്ട്. കേസിൽ ആകെ ഒൻപത് പ്രതികൾ അറസ്റ്റിലായി. ഇതിൽ ആദ്യം അറസ്റ്റിലായ അഞ്ചുപേരെ ചൊവ്വാഴ്ച പോലീസ് അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

യഹിയ റിമാൻഡിൽ

സൗദിയിൽനിന്നെത്തിയ പ്രവാസിയെ വിമാനത്താവളത്തിൽനിന്നു തട്ടിക്കൊണ്ടുപോയി മർദിച്ചു കൊന്നത് 57 ലക്ഷം രൂപ വിലവരുന്ന 1.200 കിലോഗ്രാം കള്ളക്കടത്തുസ്വർണം കണ്ടെത്തുന്നതിനുവേണ്ടി. അഗളി വാക്യത്തൊടി അബ്ദുൾജലീലിനെ(42) കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലെടുത്ത മുഖ്യപ്രതി കീഴാറ്റൂർ കാര്യമാട് സ്വദേശി മാറുകരവീട്ടിൽ യഹിയ മുഹമ്മദിനെ (35) റിമാൻഡ്ചെയ്തു.

ഒളിയിടങ്ങൾ മാറിയും പുഴ നീന്തിക്കടന്നും യഹിയ

മെയ് 19 വ്യാഴാഴ്ച രാവിലെ അബ്ദുൾജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചശേഷം മൊബൈലും സിംകാർഡും ഒഴിവാക്കി മുങ്ങിയ യഹിയ ഉണ്യാൽ, പാണ്ടിക്കാട്, ആക്കപ്പറമ്പ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇയാൾക്കെതിരേ മുൻപ് അടിപിടിക്കേസുകൾ ഉണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാത്രിയിൽ മാത്രം സഞ്ചരിച്ച് ഒളിയിടങ്ങൾ മാറിക്കഴിയുകയായിരുന്നു യഹിയ മുഹമ്മദ്. നേരത്തേ പിടിയിലായ മരയ്ക്കാർ ഒരുക്കിക്കൊടുത്ത പാണ്ടിക്കാട് വളരാട് ചൂരക്കാവിലെ വീടിന്റെ ശൗചാലയത്തിൽ കഴിഞ്ഞിരുന്ന യഹിയ ശനിയാഴ്ച രാത്രി പോലീസെത്തുമ്പോഴേക്കും രക്ഷപ്പെട്ടു. മരയ്ക്കാർ പിടിയിലായെന്ന വിവരം അറിഞ്ഞതോടെയായിരുന്നു ഇത്. കാട്ടിലൂടെ നടന്നാണ് ആക്കപ്പറമ്പിലെത്തിയത്. വളരാടുനിന്ന് ഒറവംപുറം പുഴ നീന്തിക്കടന്ന് ആറുകിലോമീറ്ററോളം അകലെയുള്ള ആക്കപ്പറമ്പിലും പിന്നീട് പൂന്താനത്തും എത്തുകയായിരുന്നു.

പൂന്താനത്ത് പഴയ വീടിനുള്ളിൽ കഴിയുമ്പോഴാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്. വളരാടുനിന്ന് രക്ഷപ്പെട്ടതോടെ യഹിയ പ്രദേശം വിട്ടുപോയിട്ടില്ലെന്നും റബർതോട്ടങ്ങളിലെയും ആളൊഴിഞ്ഞ സ്ഥലങ്ങളിലെയും താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് ഒളിവിൽ കഴിയുന്നതെന്നും പൊലീസ് മനസ്സിലാക്കി.

രാപകൽ വ്യത്യാസമില്ലാതെയുള്ള അന്വേഷണദിവസങ്ങളായിരുന്നു കഴിഞ്ഞത്. ഇതിനൊടുവിലാണ് തിങ്കളാഴ്ച രാത്രി യഹിയയെ പിടികൂടിയത്.

കേസിന്റെ ഗൗരവം കണക്കിലെടുത്ത് രക്ഷപ്പെടാൻ പഴുതൊരുക്കാതെ പ്രതികളുടെ വീടുകളിലും എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം നടത്തിയുമുള്ള അന്വേഷണമാണ് പ്രതികളെ പൂട്ടിയത്.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്കുമാർ, ഇൻസ്പെക്ടർമാരായ സുനിൽ പുളിക്കൽ, സി.എസ്. ഷാരോൺ, എസ്.ഐ.മാരായ സി.കെ. നൗഷാദ്, ഷിജോ തങ്കച്ചൻ, ജൂനിയർ എസ്.ഐ. ഷൈലേഷ്, പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ. സതീഷ്കുമാർ, സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ.ടി. കൃഷ്്ണകുമാർ, മനോജ്കുമാർ, കെ. ദിനേശ്, കെ. പ്രഭുൽ, രജീഷ്, ഐ.പി. രാജേഷ്, ബൈജു, മുഹമ്മദ് ഫൈസൽ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: