മലപ്പുറം: സ്വർണ്ണക്വട്ടേഷൻ കേസുകളിൽ പൊലിസിന് (Police) മെല്ലെപ്പോക്ക്. രാമനാട്ടുകര കേസിലേതടക്കം സുപ്രധാന കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ ഇനിയും പൊലിസിനായില്ല.
കഴിഞ്ഞ ജൂണിൽ രാമനാട്ടുകരയിൽ സ്വർണ്ണക്കവർച്ചാ സംഘം പിന്തുടരുന്നതിനിടെ അഞ്ചുപേർ അപകടത്തിൽ മരിച്ച സംഭവം ശ്രദ്ധ നേടിയത് അർജ്ജുൻ ആയങ്കിയെന്നെ കണ്ണൂരിലെ ഡിവൈഎഫ്ഐ മുന്‍ പ്രവര്‍ത്തകന്‍റെ ഇടപെടലിന്‍റെ പേരിലായിരുന്നു. പൊട്ടിക്കലെന്ന പേരിലറിയപ്പെടുന്ന സ്വർണ്ണം തട്ടിയെടുക്കാൻ അന്ന് രണ്ട് സംഘങ്ങളാണ് കരിപ്പുരിലെത്തി കാരിയറെ പിന്തുടർന്നത്. വർഷം ഒന്നു തികയുമ്പോഴും കേസിൽ കുറ്റപത്രം സമർപ്പിക്കാനായിട്ടില്ല പൊലിസിന്. കരിപ്പൂർ കേന്ദ്രീകരിച്ച് നടന്ന നിരവധി പൊട്ടിക്കൽ കേസുകളിൽ ഒന്നു മാത്രമായിരുന്നു ഇത്. മറ്റു പല കേസുകളിലും അന്വഷണത്തിന് കാര്യമായ പുരോഗതിയില്ല.
കൃത്യമായ ആസൂത്രണത്തോട് കൂടിയാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. തട്ടിക്കൊണ്ട് പോകുന്ന സംഘത്തിലുള്ളവര്‍ക്ക് പോലും പലപ്പോഴും പരസ്പരം അറിവുണ്ടാവില്ല. കാരിയര്‍ക്ക് ജീവഹാനിയുണ്ടാകുമ്പോഴോ ഗുരുതരമായി പരുക്കേല്‍ക്കുമ്പോഴോ മാത്രമാണ് അണിയറക്കഥകള്‍ പുറം ലോകം അറിയുന്നത്. ഓരോ സംഭവത്തിന് ശേഷവും പൊലിസ് ജാഗ്രത കാണിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ജലീലിന്‍റെ കൊലപാതകത്തോടെ സ്വർണ്ണ മാഫിയയെ പൊലിസിന് ഒന്നും ചെയ്യാനാകുന്നില്ലെന്ന അവസ്ഥ വ്യക്തമാവുകയാണ്.