NEWS

കണ്ണേ മടങ്ങുക!! ഒരു മിണ്ടാപ്രാണിയുടെ സ്നേഹം

നാലോ അഞ്ചോ വർഷങ്ങൾക്ക് മുമ്പ് ഒരു മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ ഒറ്റപ്പെട്ട്  നാട്ടിലെത്തിയ കുരങ്ങനെ പല വീട്ടുകാരും ആട്ടിയോടിച്ച് ഒടുവിൽ വിശന്നൊട്ടിയ വയറുമായി അവൻ ചെടിയാലയിലുമെത്തി.എല്ലാ ജീവികളോടും ആർദ്രത കാണിച്ചിരുന്ന ചെടിയാലയിൽ മറിയുമ്മ കുരങ്ങെന്ന വന്യതയോടും ആർദ്രതകൾ വച്ചു നീട്ടാൻ മടിച്ചില്ല.
താമസിയാതെ മറിയുമ്മാന്റെ ഹൃദയത്തിനകത്ത് നൂണ്ട് കയറി വീട്ടിനകത്തും പരിസരത്തുമായവൻ സ്വൈര വിഹാരം നടത്തി.വല്ലപ്പോഴും അടുക്കളയിൽ നിന്നും പഴങ്ങൾ കട്ട് തിന്നുന്നത് വീട്ടുകാരിൽ അനിഷ്ട്ടമുളവായാക്കിയെങ്കിലും മറിയുമ്മ വാനരന്റെ കുസൃതികളെ സ്നേഹത്തോടെ ലാളിച്ചു.
പരാതികളും,പരിഭവങ്ങളും അവൻ മറിയുമ്മയോട് മാത്രം പങ്ക് വെച്ചു.മറിയുമ്മ അവനെ വാൽസല്യത്തോടെ ഊട്ടി.
മാസങ്ങൾ കടന്ന് പോകവേ മറിയുമ്മാന്റെ കാരുണ്യത്തിന്റെ ചിറകിനടിയിൽ അവൻ പുഷ്ടിപ്പെട്ട് വലിയ കുരങ്ങായി.
ആളുകൾ വന്യതയുടെ കണ്ണടയിലൂടെ അവനെ ഉറ്റു നോക്കി.
അവൻ ആരെയും ഉപദ്രവിച്ചില്ല.
എന്നിട്ടും.?
പ്രദേശത്തുകാരുടെ അയിത്തങ്ങൾ അസഹ്യമായതോടെ അസ്വസ്ഥനായ
മറിയുമ്മാന്റ മകൻ അവനെ പൊതിരെ തല്ലി.
ഒന്ന് പ്രധിഷേധിക്കുക പോലും ചെയ്യാതെ എല്ലാം നിശബ്ദം ഏറ്റ് വാങ്ങി.
മുറിവേറ്റ ഹൃദയവുമായി അവൻ യാത്ര പോലും പറയാതെ ഇറങ്ങി നടന്നു.
അവന്റെ തിരോധാനത്തിൽ മറിയുമ്മ ഏറെ വേദനിച്ചു. പക്ഷേ മറിയുമ്മാന്റെ ഹൃദയത്തിൽ നിന്നും അവൻ എങ്ങും പോയില്ല.
സ്നേഹവാൽസല്യങ്ങളൊരുക്കി വഴിക്കണ്ണുമായി എന്നും മറിയുമ്മ അവനെ കാത്തിരുന്നു.
അവൻ വന്നില്ല. മാസങ്ങളും,വർഷങ്ങളും കടന്ന് പോയി.
പ്രായാധിക്യത്തിന്റെ വയ്യായ്കകളുമായി ശയ്യാവലംബിയായപ്പോഴും മറിയുമ്മ അവന്റെ ഓർമ്മകളെ സജീവമാക്കി.
ഒടുവിൽ കഴിഞ്ഞ ദിവസം ഉച്ചക്ക് അവർ മരണത്തിന് കീഴടങ്ങി.
ബന്ധുക്കൾ മയ്യിത്ത് സംസ്കരണം നാളെയ്ക്ക് മാറ്റിയത് ദുബായിലുള്ള ബന്ധുവിന് വേണ്ടിയാണെങ്കിലും അലതല്ലുന്ന സങ്കടക്കടലുമായി രാത്രിയുടെ കൂരിരുട്ടിലൂടെ കിലോ മീറ്ററുകൾ താണ്ടി വാക്കുകൾക്ക് വഹിക്കാനാവാത്ത ദു:ഖഭാരവുമായി കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നേരാനെത്തിയ വാനരന്റെ സാമീപ്യമറിഞ്ഞ് മറിയുമ്മാന്റെ ചേതനയൊന്ന് പിടഞ്ഞിട്ടുണ്ടാവും.
ഹൃദയങ്ങൾ ദൂരപരിധിയില്ലാതെ സന്ദേശങ്ങൾ കൈമാറുന്ന പ്രകൃതിയിലെ അധിപുരാതനമായ സന്ദേശവാഹകർ ശാസ്ത്രത്തിന് പിടികൊടുക്കാത്ത ആ അജ്ഞാത തരംഗങ്ങളിലൂടെ ഹൃദയത്തിൽ പ്രതിധ്വനിച്ച മറിയുമ്മാന്റെ മരണ വാർത്തയിലേക്ക് പുലർച്ചെ അവനെത്തി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ പ്രദേശത്തോ,നാട്ടിലോ,ആ കുരങ്ങനെ ആരും കണ്ടതായി അറിവില്ല.
മരണവീട്ടിൽ കൂടിനിന്ന ജനക്കൂട്ടത്തെ ഗൗനിക്കാതെ മുറ്റത്തെ തിണ്ണയിൽ അവൻ സങ്കടത്തോടെ തളർന്ന് കിടന്നു.
വിശന്നിട്ടാണെന്ന് കരുതി അലിവു തോന്നിയ ആരോ നൽകിയ പഴം വാങ്ങി ഒരു പ്രധിഷേധം പോലെ അവൻ തിരിച്ചൊരേറ് വെച്ച് കൊടുത്തു.
അവനെന്തൊക്കെയോ പറയുന്നുണ്ട്
പക്ഷേ ആ ഉദ്വേഗത്തിന്റെ അക്ഷരങ്ങളെ ആവിഷ്കരിക്കാനറിയാതെ നിമിഷങ്ങൾക്ക് മുന്നിൽ  നിശബ്ദത തളം കെട്ടി നിന്നു.
പെട്ടെന്നെന്തോ ഓർത്തിട്ടെന്ന പോലെ അടുക്കള ഭാഗത്തേക്ക് അവൻ ഓടിച്ചെ ന്ന് കൂടിനിന്ന സ്ത്രീകൾക്കിടയിൽ എന്തോ പരതി നടന്നു.
ഇല്ല…കയ്യിൽ വാൽസല്യം പൊതിഞ്ഞ് അവിടെ മറിയുമ്മയില്ല.
മയ്യിത്ത് സംസ്കരണത്തിനായി ആളുകൾ ചുമലിലേന്തിയ സന്തൂക്ക് കട്ടിലിൽ മറിയുമ്മാന്റെ അവസാന യാത്ര വേദനയോടെ നോക്കിയിരിക്കുന്ന ആ മിണ്ടാപ്രാണിയുടെ ഹൃദയഭേദകമായ അനുശോചനം കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
പള്ളിക്കാട്ടിലേക്കുള്ള വഴിയിൽ അര കിലോമീറ്ററോളം മയ്യിത്തിനെ അവൻ അനുഗമിച്ചു.
എന്റെ ഉമ്മയെ കൊണ്ട് പോകല്ലേ എന്ന യാചന പോലെ… അവന്റെ ഭാഷ ആരും തിരിച്ചറിഞ്ഞില്ല.
വീണ്ടും തിരിച്ചു വന്ന് തിണ്ണയിൽ കിടപ്പായി.
ഏറെ നേരം അങ്ങിനെ കിടന്നിട്ടുണ്ടാവില്ല…സ്നേഹ വാൽസല്യങ്ങളൊഴിഞ്ഞ ആ വീട്ടിലെ അഞ്ജാതമായ അസഹ്യത യിൽ നിന്നും അവൻ ഇറങ്ങി നടന്നു.
ഒന്നര കിലോമീറ്റർ അകലെ പാറക്കടവ് പള്ളിക്കാട്ടിലേക്ക് പുഴയോരത്ത് കൂടി നടന്ന് അവനെത്തി.
ആളുകളൊഴിഞ്ഞ പാതിരാവിന്റെ സ്മശാന മൂകതയിൽ
മീസാൻ കല്ലുകൾക്ക് ചോട്ടിലുറങ്ങുന്ന തന്റെ പോറ്റുമാന്റെ ഖബ്റിടത്തിലൂടെ ഭ്രാന്തിളകിയ പോലെ അവൻ എന്തൊക്കെയോ ഒച്ചവെച്ച്  മീസാൻ കല്ലുകൾക്കിടയിൽ ഓടിനടന്നു.
സഹിക്കവയ്യാത്ത വേദനയിൽ യാത്ര പോലും ചോദിക്കാതെ അന്ന് ഇറങ്ങി നടന്ന കുറ്റബോധം സമർപ്പിക്കാൻ.
ഇനിയൊരിക്കലുമുണരാത്ത ആ വാൽ സല്യത്തിന്റെ തലോടലേൽക്കാൻ.
ആമിണ്ടാപ്രാണിയുടെ കരളലിയിക്കുന്ന പ്രാർത്ഥനയിൽ കൂരിരുട്ട് പോലും ഒരു വേള തേങ്ങിപ്പോയിരിക്കാം.
സാന്ത്വനം പോലെ നിശീതിനിയുടെ നിതാന്ത നിശബ്ദതയെ കുളിരണിയിച്ച് ഒരു മന്ദമാരുതൻ തഴുകി തലോടി കടന്ന് പോയി.
പോറ്റുമ്മാന്റെ ആത്മാവ് ഇറങ്ങിവന്ന് രണ്ട് മൗനങ്ങൾ അവിടെ പരസ്പരം ആശ്ലേഷ ബന്ധരായി.
ആ ലാളനയേറ്റ് വാൽസല്യത്തിന്റെ മടിത്തട്ടിൽ തലചായ്ചപോലെ നിശ്ചലനായി കിടക്കുന്ന അവനെയാണ് നേരം പുലർന്നപ്പോൾ ആളുകൾ കാണുന്നത്.

Back to top button
error: