ഫിഫ ലോകകപ്പിന്‍റെ 22-ാം പതിപ്പാണ് ഖത്തര്‍ നടക്കുന്നത്.അറബ് ലോകത്ത് ആദ്യമായി നടക്കുവാന്‍ പോകുന്ന ലോകകപ്പ് മത്സരം എന്ന നിലയില്‍ രാജ്യാന്തര ലോകം ഉറ്റുനോക്കുന്ന മത്സരം കൂടിയാണിത്.മറ്റൊരു തരത്തില്‍ 2002 ടൂർണമെന്റിന് ശേഷം പൂർണ്ണമായും ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്.ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും.32 ടീമുകള്‍ പങ്കെടുക്കുന്ന അവസാനത്തെ ലോകകപ്പ് മത്സരം കൂടിയായിരിക്കും ഇത്. 2026-ലെ ലോകകപ്പില്‍ 48 ടീമുകളാണ് മത്സരിക്കുക.അതിശയിപ്പിക്കുന്ന തരത്തിലുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തര്‍ ലോകകപ്പ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
വളരെ വ്യത്യസ്തമായ രൂപകല്പനയാണ് ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിനായി തയ്യാറാകുന്ന സ്റ്റേഡിയങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.ഷിപ്പിംഗ് കണ്ടെയ്നറുകൾ കൊണ്ട് നിർമ്മിച്ച സ്റ്റേഡിയവും ടെന്‍റിന്‍റെ രൂപത്തിലുള്ള സ്റ്റേഡിയവും തൊപ്പിയുടെ രൂപത്തിലുള്ള സ്റ്റേഡിയവുമെല്ലാം ഇവിടെ കാണാം.ഒരു മണിക്കൂര്‍ ഡ്രൈവ് അകലത്തിലാണ് ഓരോ സ്റ്റേഡിയവും സ്ഥിതി ചെയ്യുന്നത്. പരമാവധി അകലം 43 മൈല്‍ ആണ്. എട്ട് വേദികളിൽ ഏഴും ടൂർണമെന്റിനായി ആദ്യം മുതൽ നിർമ്മിച്ചതാണ്, മറ്റൊന്ന് പുനപ്രവര്‍ത്തനങ്ങള്‍ നടത്തിയെടുക്കുകയായിരുന്നു.
ലുസൈൽ സ്റ്റേഡിയം
ഖത്തറിലെ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നാണ് ദോഹയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ലുസൈല്‍ സ്റ്റേഡിയം. എണ്‍പതിനായിരം കണികളെ ഉള്‍ക്കൊള്ളുവാനുള്ള ശേഷി ഇതിനുണ്ട്. ഫൈനല്‍ മത്സരമടക്കം പത്ത് മത്സരങ്ങള്‍ ഇവിടെ നടക്കും.
അല്‍ ബയാത് സ്റ്റേഡിയം
ഉത്ഘാടന മത്സരം ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയമാണ് അല്‍ ബയാത് സ്റ്റേഡിയം.ദോഹയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഡിയത്തിന്റെ പരമാവധി ശേഷി 60,000 സീറ്റാണ്.
കൂടാരം പോലെയുള്ള ഘടനയാണ് ഇതിന്റെ പ്രത്യേകത.ഈ പ്രദേശത്തെ നാടോടികളായ ആളുകൾ ഉപയോഗിക്കുന്ന ബൈത്ത് അൽ ഷാർ ടെന്റുകളിൽ നിന്നാണ് ഈ സ്റ്റേഡിയത്തിന് ഈ പേര് ലഭിച്ചത്.
സ്റ്റേഡിയം 974
ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം 974 ല്‍ ഏഴ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. സ്റ്റേഡിയത്തിന്‍റെ പേര് ഇതിന്റെ നിര്‍മ്മിതിയുമായി ചേര്‍ന്നു നില്‍ക്കുന്നു. 974 ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് മോഡുലാര്‍ സ്റ്റീലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി.
ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം
ദോഹയില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയമാണ് മറ്റൊരു വേദി. 45,416 ഇരിപ്പിടങ്ങളുള്ള ഇവിടെ എട്ട് മത്സരങ്ങളാണ് നടക്കുക.
1976 ൽ നിർമ്മിച്ചതാണ് ഈ സ്റ്റേഡിയം. 2019-ൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിനും ഈ സ്റ്റേഡിയം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം
ദോഹയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ അല്‍ റയ്യാനിലാണ് എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി. ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങള്‍ ഇവിടെ നടക്കും.
ദോഹയ്ക്ക് പുറത്ത് ഗ്രീൻ സ്പേസിൽ നിരവധി ഖത്തറി സർവകലാശാലകളുടെ മധ്യത്തിലാണ് എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ‘മരുഭൂമിയിലെ ഡയമണ്ട്’ എന്ന് ഈ സ്റ്റേഡിയം അറിയപ്പെടുന്നു.
അല്‍ തുമാമ സ്റ്റേഡിയം
ദോഹയില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ തുമാമ സ്റ്റേഡിയം വേള്‍ഡ് കപ്പ് മത്സരത്തില്‍ എട്ട് മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. 40,000 ആണ് ഇതിന്റെ സീറ്റിങ് കപ്പാസിറ്റി.
അറബി തൊപ്പിയായ ഗഹ്ഫിയയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച് സ്റ്റേഡിയം ഇവിടുത്തെ പ്രാദേശിക മരത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
അൽ ജനൂബ് സ്റ്റേഡിയം
നാല്പതിനായിരം ആളുകള്‍ക്ക് സീറ്റിങ് കപ്പാസിറ്റിയുള്ള അൽ ജനൂബ് സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് നല്കുന്നത്. 2019 മെയ് മാസത്തിൽ പൂർത്തിയാക്കിയ ആദ്യത്തെ പുതിയ ലോകകപ്പ് സ്റ്റേഡിയം കൂടിയാണിത്.
2020 ലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇവിടം ആതിഥേയത്വം വഹിച്ചു.
ദൗ ബോട്ടുകളെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം
ദോഹയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയമാണ് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം.നാല്പതിനായിരം സീറ്റിങ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തില്‍ ഏഴ് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.