ഗ്യാൻവാപി മസ്ജിദ് തർക്കത്തിൽ ഹർജികൾ നിലനിൽക്കില്ലെന്ന മസ്ജിദ് കമ്മറ്റിയുടെ വാദം ആദ്യം കേൾക്കാൻ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ്. ഈ മാസം 26 മുതൽ വാദം കേൾക്കൽ ആരംഭിക്കും. അതിനിടെ ഖുതബ് മിനാറിൽ ഖനനം ആവശ്യപ്പെട്ടുള്ള ഹർജികളിൽ ദില്ലി സാകേത് കോടതി ജൂണ് 9ന് വിധി പറയും. ഖുതബ് മിനാർ ആരാധനയ്ക്ക് വിട്ടു നൽകാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും കോടതിയിൽ നിലപാടെടുത്തു.സുപ്രിംകോടതി നിർദേശ പ്രകാരം ഇരുവിഭാഗതിന്റെയും വാദങ്ങൾ വിശദമായി കേട്ട ശേഷമാണ് വാരണാസി ജില്ലാ കോടതിയുടെ തീരുമാനം. ഉത്തരവ് പ്രകാരം ഹർജികൾ നിലനിൽക്കില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷയിൽ വാരണാസി ജില്ലാ കോടതി ആദ്യം വാദം കേൾക്കും. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മറ്റിയുടെ വാദം. ഈ മാസം 26 മുതലാണ് വാദം കേൾക്കൽ ആരംഭിക്കുക.
അതേസമയം, സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും കക്ഷികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ കുത്തബ് മിനാർ മേഖലയിൽ ഖനനം നടത്തണമെന്ന ഹർജിയിൽ ജൂൺ ഒൻപതിന് വിധി പറയും.വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ദില്ലി സാകേത് കോടതി വിധി പറയാൻ മാറ്റിയത്. മേഖലയിലെ ക്ഷേത്ര സമുച്ചയം വീണ്ടെടുക്കണമെന്ന ഹർജി നേരത്തെ സിവിൽ കോടതി തള്ളിയിരുന്നു.
ഇതിനെതിരെയുള്ള അപ്പീലാണ് ദില്ലി സാകേത് കോടതിയുടെ മുന്നിലുള്ളത്. പൂജ നടത്താൻ അനുവദിക്കണമെന്ന ആവശ്യത്തെ പുരാവസ്തു ഗവേഷണ വകുപ്പ് ശക്തമായി എതിർത്തിട്ടുണ്ട്.
- 1914മുതൽ ഖുതബ് മിനാർ സരക്ഷിത സ്മാരകമാണ്. അവിടെ ആരാധന അനുവദിക്കാൻ കഴിയില്ലെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിലപാട്. ഇത്രയും വർഷമായി ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്നും അടുത്തിടെയാണ് ഇത്തരം പ്രശങ്ങൾ ഉയർന്നുവരുന്നതെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിമർശനം ഉന്നയിച്ചിട്ടുണ്ട്.