IndiaNEWS

വരാനിരിക്കുന്ന പണനയ അവലോകന യോഗത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകും; സൂചനയുമായി ശക്തികാന്ത ദാസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പണനയ അവലോകന യോഗത്തില്‍ നിരക്ക് വര്‍ധന ഉണ്ടാകുമെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സിഎന്‍ബിസി ടിവി 18-ന് നല്‍കിയ അഭിമുഖത്തിലാണ് നിരക്ക് വര്‍ധനയെ കുറിച്ചുള്ള സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്‍കിയത്. ആര്‍ബിഐ റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി 4.4 ശതമാനമാക്കിയിരുന്നു.

ജൂണ്‍ 6-8 തീയതികളില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും. ഏറെ കാലത്തെ ഇടവേളക്ക് ശേഷം മെയ് 4 നാണു ആര്‍ബിഐ അസാധാരണ യോഗം ചേര്‍ന്ന് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയത്. നിരക്ക് വര്ധിപ്പിക്കുന്നതിലൂടെ വിപണിയിലെ പണലഭ്യത കുറച്ച് വിലക്കയറ്റം നിയന്ത്രിക്കാനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്.

ഏപ്രിലില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു.  റഷ്യ- ഉക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലെ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ രാജ്യത്തെ സമ്പദ്ഘടനയെ സ്വാധീനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം എന്ന്  ശക്തികാന്താ ദാസ് വ്യക്തമാക്കിയിരുന്നു.

Back to top button
error: