ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോക്ക് മാര്‍ച്ചിലും കഷ്ടകാലം. മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ നഷ്ടം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 134.2 കോടി രൂപയില്‍ നിന്ന് 359.7 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 692.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 75.01 ശതമാനം വര്‍ധിച്ച് 1,211.8 കോടി രൂപയായി.
അടുത്ത പാദത്തില്‍ വരുമാന വളര്‍ച്ച ഇരട്ട അക്കത്തിലേക്ക് ത്വരിതപ്പെടുത്തുമെന്നും നഷ്ടം കുറയുമെന്നും കമ്പനി പറഞ്ഞു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 300-ലധികം പുതിയ നഗരങ്ങളില്‍ സൊമാറ്റോ പ്രവര്‍ത്തനമാരംഭിച്ചതായി പറഞ്ഞു. ഇത് ഇന്ത്യയിലുടനീളമുള്ള 1,000ത്തിലധികം പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും സാന്നിധ്യം ഉറപ്പിച്ചു.
2022 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 816.4 രൂപയില്‍ നിന്ന് 1222.5 കോടി രൂപയായി. വരുമാനവും 1993.8 കോടിയില്‍ നിന്ന് 4192.4 കോടിയായി ഉയര്‍ന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ 397 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-ലെ അതിന്റെ ശരാശരി ഓര്‍ഡര്‍ മൂല്യം 398 രൂപയായിരുന്നു.