IndiaNEWS

ഹാര്‍ദ്ദിക് പട്ടേലിന് പിന്നാലെ സുനിൽ ജാക്കറും ബിജെപിയിൽ: താമരയ്ക്ക് കൈ കൊടുത്ത് മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ

ദില്ലി: കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു.വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് അനഭിമതനായതെന്നും, നിശബ്ദനാക്കാനാവില്ലെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തിന് പിന്നാലെയുള്ള കൊഴിഞ്ഞുപോക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്.

ഹാര്‍ദ്ദിക് പട്ടേലിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങി സുനില്‍ ജാക്കര്‍. ദില്ലിയിലിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി ദേശീയ ആസ്ഥാനത്തെത്തി ജാക്കര്‍ അംഗത്വമെടുത്തു.ദേശീയത, ഐക്യം തുടങ്ങിയ വിഷയങ്ങളിലെ നിലപാടിന്‍റെ പേരില്‍ അന്‍പത് വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ജാക്കര്‍ പറഞ്ഞു.

പാര്‍ട്ടി പുനസംഘടനയോടെ കോണ്‍ഗ്രസുമായി അകന്ന ജാക്കര്‍ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.മറുപടി നല്‍കാതിരുന്ന ജാക്കറിനെ രണ്ട് വര്‍ഷം പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തി. പിന്നാലെ ചിന്തന്‍ ശിബിരം നടക്കുമ്പോള്‍ ‘ഗുഡ്ബൈ, ഗുഡ് ലക്ക്’ എന്ന് പറഞ്ഞ് ജാക്കര്‍ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങുകയായിരുന്നു. അടിത്തറ ബലപ്പെടുത്താന്‍ നടത്തിയ ചിന്തന്‍ ശിബിരത്തിന്‍റെ ചൂടാറും മുന്‍പേ ഒന്നിന് പിന്നാലെ ഒന്നായി നേതാക്കള്‍ കൂടൊഴിയുന്നത് കോണ്‍ഗ്രസിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല

Back to top button
error: