ഇന്ന് ചേര്‍ന്ന നഴ്സിങ്ങ് കൗണ്‍സിലിന്റെ അടിയന്തരയോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.ഇതോടെ അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ വിദ്യാര്‍ഥികളെ നഴ്സിങ്ങിന് ചേര്‍ക്കാന്‍ കഴിയില്ല. നിലവിലുള്ള വിദ്യാര്‍ഥികളുടെ പഠനത്തെ അഫിലിയേഷന് റദ്ദാക്കിയത് ബാധിക്കില്ലെന്നും കൗണ്‍സില്‍ അറിയിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ പ്രീത മേരിയ്ക്കെതിരെയും വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വൈസ് പ്രിന്‍സിപ്പലിന്റെ നഴ്സിങ്ങ് രജിസ്ട്രേഷന് താത്കാലികമായി റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. സ്വകാര്യ നഴ്സിങ്ങ് കോളജില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയോഗിക്കാനും നഴ്സിങ്ങ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
ചേര്‍ത്തല എസ്എച്ച് നഴ്സിങ്ങ് കോളജിലെ വൈസ് പ്രിന്‍സിപ്പാള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത് വന്നിരുന്നു.
വൈസ് പ്രിന്‍സിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുള്‍പ്പടെ ഗുരുതര കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേര്‍ത്തല എസ്എച്ച് നഴ്സിങ്ങ്് കോളജിനെതിരെ ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്സിങ്ങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികള്‍ പരാതിപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന് തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍ പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.