മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അറിയിച്ചു. ഇനി കാത്തിരിപ്പില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെ പി സി സി ഉത്തരവ് ഇറക്കിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിതിന് പിന്നാലെയാണ് കെ വി തോമാസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്.
അതേസമയം, നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെ തോമസ് പാര്‍ട്ടിയുമായി കൂടുതല്‍ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തു.