വിജയ് ബാബുവിനെതിരെയുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കണം :കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു
പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ക്കഴിയുന്ന നടനും നിർമാതാവുമായ പ്രതി വിജയ് ബാബുവിനെതിരെയുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ആഭ്യന്ത മന്ത്രാലയത്തിന് വീണ്ടും കത്തയച്ചു.
കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍നിന്നു ലഭിച്ച അറസ്റ്റ് വാറന്റ് ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായി പോലീസിനും കൈമാറിയിരുന്നു. നടപടികള്‍ വേഗത്തിലാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന് കൊച്ചി സിറ്റി പോലീസ് വീണ്ടും കത്തയച്ചിരിക്കുന്നത്.
അതേസമയം ദുബായിയില്‍ ഒളിവില്‍ കഴിയുന്ന വിജയ്ബാബുവിന്റെ ഒളിത്താവളം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ അറസ്റ്റ് വേഗത്തിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ താമസസ്ഥലത്തിന്റെ വിലാസം കിട്ടിയാലുടന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.
അതേസമയം ഇയാള്‍ ഇരയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.
നിലവില്‍ വിദേശത്തുള്ള വിജയ് ബാബു 19ന് നാട്ടില്‍ മടങ്ങിയെത്താനാകൂവെന്നാണ് പോലീസിനെ അറിയിച്ചിരിക്കുന്നത്. കേസില്‍ വിജയ് ബാബു സമര്‍പ്പിച്ചിരിക്കുന്ന മൂന്‍കൂര്‍ ജാമ്യാപേക്ഷ 18-നാണ് കോടതി പരിഗണിക്കുന്നത്.