രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രതിഷേധവും മറികടക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം. അടിയന്തരാവസ്ഥ നിലവിൽവന്ന സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അവധി മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. മുഴുവൻ സൈനികരും അടിയന്തരമായി ജോലിക്കു ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്.
അടിയന്തരാവസ്ഥ നിലവിൽ വന്നതായി വെള്ളിയാഴ്ച ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് ഗോത്താബയ രാജപക്സെ പ്രഖ്യാപിക്കുകയായിരുന്നു. ഒരുമാസത്തെ ഇടവേളയിൽ രണ്ടാംതവണയാണ് ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞമാസം ഒന്നിനു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാലുദിവസം പിന്നിട്ടശേഷം പിൻവലിക്കുകയായിരുന്നു.