ദില്ലി: റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ ഇരു രാജ്യങ്ങൾക്കുമൊപ്പമല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളിയായെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലായിരുന്നു പ്രധാനമന്ത്രി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യന്‍ പര്യടനം. ആദ്യ ദിനം തന്നെ യുക്രൈൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ സമാധാനത്തിനൊപ്പമാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്ന് തുടക്കത്തിലേ തന്നെ ഇന്ത്യ ആവശ്യപ്പെട്ടതാണെന്നും പ്രധാനമന്ത്രി ജർമ്മനിയിൽ വ്യക്തമാക്കി. ശാന്തിയുടെ വഴി സ്വീകരിക്കണമെന്ന് ഇരു രാജ്യങ്ങളോടും ആഹ്വാനം ചെയ്തു. യുദ്ധത്തില്‍ ആരും ജേതാക്കളാകുന്നില്ല. ആഗോള തലത്തില്‍ യുദ്ധം വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും മോദി പറഞ്ഞു.
റഷ്യയെ ഒറ്റപ്പെടുത്തി യുക്രൈൻ അനുകൂല നിലപാട് യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് മോദി നയം വ്യക്തമാക്കിയത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച നടപടികളെ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് ഷോള്‍സ് അഭിനന്ദിച്ചു. ഉഭയകക്ഷി സഹകരണത്തിന്‍റെ 70ാം വര്‍ഷത്തില്‍ വ്യാപാരം, ഊര്‍ജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാന്‍ മോദി – ഷോൾസ് കൂടിക്കാഴ്ചയില്‍ തീരുമാനമായി. നാളെ കോപ്പന്‍ ഹേഗനില്‍ നടക്കുന്ന ഇന്ത്യ – നോര്‍ഡിക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. മറ്റന്നാള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.