ന്യൂഡൽഹി: തുടർച്ചയായി വിദേശ നിക്ഷേപകർ പിൻവാങ്ങുന്നതു മൂലം രാജ്യത്ത ഓഹരി വിപണി തകർച്ചയിലേക്ക്.2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഇത്രയുംകാലം തുടർച്ചയായുള്ള വിറ്റ് പിന്മാറൽ ഇത് ആദ്യമായാണ്.
യുഎസിലെ നിരക്ക് വർധന, റഷ്യ-യുക്രൈൻ സംഘർഷം, ഉത്പന്ന വിലവർധന, വിപണിയിലെ ഉയർന്ന മൂല്യം, രാജ്യത്ത് വർധിച്ചുവരുന്ന വർഗീയ ധ്രുവീകരണം എന്നിവയാണ് ആഭ്യന്തര വിപണിയിൽനിന്ന് വിദേശ നിക്ഷേപകരുടെ പലായനം തുടരാൻ കാരണം.
2021 ഒക്ടോബർ മുതൽ 1.7 ലക്ഷംകോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്.2008ലാകട്ടെ 971 കോടി രൂപയുടെ നിക്ഷേപം മാത്രമായിരുന്നു പിൻവലിച്ചത്.യുറോപ്പിലെ ഭൗമ രാഷ്ട്രീയ സംഘർഷവും ചൈനയിലെ കോവിഡ് കേസുകളിലെ വർധനവും ഇന്ത്യയിലെ കൂടിവരുന്ന വർഗീയ കലാപങ്ങളും കൂടിയായപ്പോൾ നിക്ഷേപം സുരക്ഷിതമാക്കാനുള്ള തിടുക്കമാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ.യുഎസ് ട്രഷറി ആദായത്തിലെ വർധനവും ഡോളറിന്റെ ഉയർച്ചയും എന്തുകൊണ്ടും സുരക്ഷിതമായ നിക്ഷേപത്തിലേയ്ക്ക് മാറുകയാണ് നല്ലതെന്ന് ചിന്ത അവരിലുറപ്പിച്ചു. നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ വരുംമാസങ്ങളിലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരാനാണ് സാധ്യത.ആഭ്യന്തര വിപണിയിൽ വലിയ ചാഞ്ചാട്ടങ്ങൾക്കും അത് കാരണമാകും.