NEWSWorld

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കുന്നു, ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

റിയാദ്: സ്ഥിരമായ നദികളോ തടാകങ്ങളോ ഇല്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊർജിതമായി തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ റിയാദ്, ഖസീം, ഹാഇല്‍ മേഖലകളിലാണ് ഇതിനായുള്ള ശ്രമം തുടങ്ങിയതെന്ന് പരിസ്ഥിതി-ജല-കാര്‍ഷിക വകുപ്പ് മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്‍ദുല്ല മുഹ്സിന്‍ അല്‍ ഫദ്‍ലി പറഞ്ഞു. ഈ ഭാഗങ്ങളില്‍ മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക രാസപദാര്‍ഥങ്ങള്‍ വിതറാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

പ്രതിവര്‍ഷം 100 മില്ലി മീറ്ററില്‍ കൂടാത്ത നിലവിലെ നിരക്കില്‍ നിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരമായ നദികളും തടാകങ്ങളുമില്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ.
കൃത്രിമ മഴ പെയ്യിക്കാന്‍ അടുത്തിടെയാണ് സൗദി മന്ത്രിസഭ അനുമതി നല്‍കിയതെന്നും മന്ത്രി അബ്ദുറഹ്മാന്‍ ബിന്‍ അബ്‍ദുല്ല പറഞ്ഞു. മഴമേഘങ്ങളെ നിരീക്ഷിക്കുന്നതിന് റിയാദിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ ആസ്ഥാനത്ത് ഓപ്പറേഷന്‍ റൂം ആരംഭിച്ചതായി കാലാവസ്ഥ കേന്ദ്രം സി.ഇ.ഒയും കൃത്രിമ മഴ പദ്ധതി സൂപ്പര്‍വൈസറുമായ ഡോ. അയ്‍മന്‍ ഗുലാം പറഞ്ഞു. റിയാദ് മേഖലയില്‍ ഇതിനായി വിമാനങ്ങള്‍ പറത്തിത്തുടങ്ങി.
മേഘങ്ങള്‍ക്കിടയിലൂടെ രാസ പദാര്‍ത്ഥഥങ്ങള്‍ വിതറുന്നത് വിജയകരമായി തുടരുന്നു. സമയബന്ധിതമായി ഇത് പൂര്‍ത്തിയാക്കും. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കേന്ദ്രം ഇടക്കിടെ റിപ്പോര്‍ട്ട് പുറത്തിറക്കും.
കാലാവസ്ഥ നിരീക്ഷണത്തിനുള്ള നൂതന സാങ്കേതികവിദ്യകളും റഡാറുകളും സജ്ജീകരിച്ചതാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിങ് റൂം.മേഘങ്ങളുടെ നിരീക്ഷണത്തിനും ഉത്തേജക വസ്തുക്കള്‍ വിതറുന്നതിനുള്ള സ്ഥലങ്ങള്‍ നിര്‍ണയിക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ട്.

നിയുക്ത വിമാനങ്ങള്‍ മേഘങ്ങളുടെ പ്രത്യേക സ്ഥാനങ്ങളിലാണ് ‘പരിസ്ഥിതി സൗഹൃദമായ’ ഉത്തേജക വസ്‍തുക്കള്‍ വിതറുന്നത്. ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളിള്‍ മഴ പെയ്യുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും മഴയുടെ അളവ് വര്‍ദ്ധപ്പിക്കുകയും ചെയ്യാനാകും. രണ്ടാം ഘട്ടത്തില്‍ അസീര്‍, അല്‍ബാഹ, ത്വഇഫ് മേഖലകളിൽ മഴ പെയ്യിക്കും.

Back to top button
error: