പീഡനക്കേസില്‍ നടന്‍ വിജയ് ബാബു വിദേശത്തെന്ന് കൊച്ചി ഡിസിപി യു വി കുര്യാക്കോസ്. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടത്തിയിട്ടുണ്ടെന്നും ഇരയുടെ പരാതി സാധൂകരിക്കുന്ന തരത്തിലാണ് അന്വേഷണത്തിലെ കണ്ടെത്തലെന്നും ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു.
ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയും നടിയുമായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്. ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി.
അതേസമയം ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി. വിജയ് ബാബുവിനായി ലുക്കൗട്ട് നോട്ടീസും ലുക്കൗട്ട് സർക്കുലറും പുറത്തിറക്കി. പ്രതി വിദേശത്താണെന്നും പൊലീസ് സ്ഥിരീകരിച്ചു.