കര്‍ണാടകയ്ക്ക് ശേഷം ഹിജാബ് നിരോധനം കശ്മീരിലും. ബാരമുള്ളയില്‍ കരസേനയും ഇന്ദ്രാണി ബാലന്‍ ഫൗണ്ടേഷനും സംയുക്തമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന സ്‌കൂളിലാണ് ഹിജാബ് നിരോധനം ഏര്‍പ്പെടുത്തിയത്. ഹിജാബ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് കശ്മീരിലും വിവാദം ഉയരുന്നത്.
ഭരണഘടന അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സംഭവത്തില്‍ മെഹബൂബ മുഫ്തിയും ആരോപിച്ചു. ഹിജാബ് നിരോധനത്തിനെതിരെ വലിയ പ്രതിഷേധമാണ് കശ്മീരില്‍ ഉയരുന്നത്. കര്‍ണാടകത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷത്തിനും കാരണമായ ഹിജാബ് നിരോധനം യു.പി തെരഞ്ഞെടുപ്പില്‍ ബിജെപി ചര്‍ച്ചയാക്കിയിരുന്നു. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല എന്ന് പിന്നീട് കര്‍ണാടക ഹൈക്കോടതി വിധിച്ചു. അതിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകത്തെ കശ്മീരിലേക്ക് കൊണ്ടുവരാനുള്ള നീക്കമെന്ന് സംഭവത്തില്‍ ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അദ്ധ്യാപകരും ജീവനക്കാരും ഹിജാബ് ധരിക്കരുതെന്നാണ് ഉത്തരവ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ മുഖം കാണണം. അതിന് വേണ്ടിയാണ് ഹിജാബ് നിരോധിച്ചതെന്നാണ്
പുറത്തുവന്ന വിശദീകരണം.