IndiaNEWS

മന്ത്രിമാരും ഐഎഎസ് ഉദ്യോ​ഗസ്ഥരും സ്വത്ത് വിവരം പരസ്യപ്പെടുത്തണം; നിർദേശവുമായി യോ​ഗി ആദിത്യനാഥ്

ലഖ്നൗ: മന്ത്രിമാർ, മന്ത്രിമാരുടെ ബന്ധുക്കൾ, സംസ്ഥാനത്തെ ഉന്നത ഉദ്യോ​ഗസ്ഥർ എന്നിവരോട് മൂന്ന് മാസത്തിനുള്ളിൽ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം. സ്വത്തുവിവരങ്ങൾ ഓൺലൈൻ പോർട്ടലിൽ നൽകണം. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും സ്വത്തുവിവരം നൽകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎഎസ്, ഐപിഎസ്, പ്രൊവിൻഷ്യൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങൾ പരസ്യപ്പെടുത്തി ഓൺലൈൻ പോർട്ടലിൽ ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന യോ​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ കുടുംബാംഗങ്ങൾ സർക്കാർ ജോലിയിൽ ഇടപെടരുത്. ആരോഗ്യകരമായ ജനാധിപത്യ സംവിധാനത്തിൽ ജനപ്രതിനിധികളുടെ പെരുമാറ്റം വളരെ പ്രധാനമാണ്.  അതുകൊണ്ടുതന്നെ  എല്ലാ മന്ത്രിമാരും തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സ്വത്ത് വിവരം അടുത്ത മൂന്ന് മാസത്തിനുള്ളിൽ പരസ്യമായി പ്രഖ്യാപിക്കണം. മന്ത്രിമാർക്ക് നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടം പാലിക്കണം. സർക്കാർ ജോലിയിൽ കുടുംബാംഗങ്ങളുടെ ഇടപെടൽ ഇല്ലെന്ന് എല്ലാ മന്ത്രിമാരും ഉറപ്പാക്കണം. നമ്മുടെ പെരുമാറ്റത്തിലൂടെ നമ്മൾ മാതൃക കാണിക്കണം- യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട്  മുഖ്യമന്ത്രി എല്ലാ വകുപ്പുകളോടും നിർദേശിച്ചു. പ്രധാനമന്ത്രിയുടെ മാർഗനിർദേശപ്രകാരം അന്ത്യോദയ പദ്ധതി പൂർത്തീകരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി  പ്രാദേശിക നേതാക്കളുമായും ജില്ലയിലെ പ്രമുഖരുമായും യോഗം ചേർന്ന് ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാൻ ക്യാബിനറ്റ് മന്ത്രിയുടെ നേതൃത്വത്തിൽ 18 ഗ്രൂപ്പുകൾ രൂപീകരിച്ചു. അടുത്ത നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് ഈ മന്ത്രിമാർ സംസ്ഥാനമൊട്ടാകെ സന്ദർശനം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: