ഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹര്‍ജിയില്‍ തീരുമാനം വൈകുന്നതില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ദയാഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കണം. അല്ലെങ്കില്‍ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.
പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത തമിഴ്‌നാട് ഗവര്‍ണറുടെ നടപടിയെയും കോടതി വിമര്‍ശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന ക്യാബിനറ്റിന്റെ ശുപാര്‍ശ മൂന്നര വര്‍ഷത്തിലധികം തീരുമാനമെടുക്കാതെ ഗവര്‍ണര്‍ കൈവശം വെച്ചതിനെയും കോടതി വിമര്‍ശിച്ചു. മോചന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടായിരുന്നെങ്കില്‍ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. അല്ലാതെ രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അടുത്ത മാസം നാലിന് പേരറിവാളന്റെ മോചന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.