KeralaNEWS

ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കാന്‍ മണ്ണ് നീക്കി; മണ്ണുമാന്തി യന്ത്രം റവന്യൂവകുപ്പ് പിടിച്ചെടുത്തു, പിഴയിട്ടു

മലപ്പുറം: വഴിക്കടവില്‍ ലൈഫ് പദ്ധതിയില്‍ വീട് വയ്ക്കുന്നതിന് മണ്ണ് നീക്കിയതിനെതിരെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് പിഴയിട്ടു. ഇതോടെ മൂന്ന് നിര്‍ധന കുടുംബങ്ങളുടെ വീട് നിര്‍മ്മാണം മുടങ്ങി. അഞ്ചുസെന്‍റ് സ്ഥലത്ത് ലൈഫ് പദ്ധതിയിലാണ് പാത്തുമ്മ, ഷീല, നസീറ ബീവി എന്നിങ്ങനെ മൂന്ന് കുടുംബങ്ങള്‍ വീട് പണി ആരംഭിച്ചത്. കുത്തനെയുള്ള സ്ഥലം കുറച്ച് മണ്ണുനീക്കി നിരപ്പാക്കി വീടിന് തറ കെട്ടാനായിരുന്നു ശ്രമം. മണ്ണുമാന്തി യന്ത്രം മണ്ണ് നീക്കി തുടങ്ങിയതോടെ നിലമ്പൂര്‍ താലൂക്കിലെ ഉദ്യോഗസ്ഥരെത്തി അനധികൃത മണ്ണെടുപ്പെന്ന് പറഞ്ഞ് തടഞ്ഞു.

പിന്നാലെ നിയമ നടപടികളായി. മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്ത് താലൂക്ക് ഓഫീസിലേക്ക് കൊണ്ടുപോയി. 25,000 രൂപ പിഴയിട്ടു. ഇതോടെ വീടുപണി മുടങ്ങി. വൻകിടക്കാര്‍ വാണിജ്യകെട്ടിടങ്ങള്‍ക്കും മറ്റും ഏക്കര്‍ കണക്കിന് നിലം നികത്തുകയും കുന്നുകള്‍ ഇടിച്ച് നിരത്തിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അതൊന്നും കാണാതെയാണ് ഈ പാവങ്ങളുടെ വീടുപണി റവന്യൂ ഉദ്യോഗസ്ഥര്‍ മുടക്കിയത്. മണ്ണ് നീക്കുന്നതിന് അനുവാദം കിട്ടാൻ റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങി നടക്കുകയാണ് ഇപ്പോള്‍ മൂന്നു കുടുംബങ്ങളും.

Back to top button
error: