ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം വര്‍ഷാടിസ്ഥാനത്തില്‍ 12.4 ശതമാനം ഉയര്‍ന്ന് 357.52 കോടി രൂപയിലെത്തി. 2020-21 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 317.94 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. ഇക്കഴിഞ്ഞ നാലാം പാദത്തില്‍ മൊത്തം വരുമാനം 16,054.94 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ ഇത് 19,191.32 കോടി രൂപയായിരുന്നു.
അറ്റ പ്രീമിയം വരുമാനവും നാലാം പാദത്തില്‍ 14,289.66 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2020-21ല്‍ ഇത് 12,868.01 കോടി രൂപയായിരുന്നു. എന്നാല്‍ 2021-22ല്‍ മുഴുവന്‍ വര്‍ഷ അറ്റാദായം 1,208 കോടി രൂപയായി കുറഞ്ഞു. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1,360 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നികുതിക്ക് ശേഷമുള്ള ലാഭം 1,208 കോടി രൂപയായിരുന്നു. കോവിഡ് മൂലമുള്ള മരണനിരക്ക് കൂടിയതിനാല്‍ തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തെ അപക്ഷേിച്ച് 11 ശതമാനം ഇടിവുണ്ടായി.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷം, മൂന്നാം പാദത്തിലും, നാലാം പാദത്തിലും നികുതി കിഴിച്ചുള്ള ലാഭം ക്രമാനുഗമമായി മെച്ചപ്പെട്ടു. നാലാം പാദത്തിലെ നേട്ടം വര്‍ഷാടിസ്ഥാനത്തിലുള്ള നേട്ടത്തില്‍ 12 ശതമാനം വര്‍ധനയാണ് സൃഷ്ടിച്ചതെന്ന് എച്ച്ഡിഎഫ്സി ലൈഫ് എംഡിയും സിഇഒയുമായ വിഭാ പടാല്‍ക്കര്‍ പറഞ്ഞു. ഈ വര്‍ഷം മൊത്തം പ്രീമിയം 19 ശതമാനം ഉയര്‍ന്ന് 38,583 കോടി രൂപയില്‍ നിന്ന് 45,963 കോടി രൂപയായി. അസറ്റ് അണ്ടര്‍ മാനേജ്മെന്റ് രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞു. വര്‍ഷാടിസ്ഥാനത്തില്‍ ഇത് 17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.