KeralaNEWS

ജനകീയ ഡോക്ടർ ശസ്ത്രക്രിയകൾക്കിടെ ആശുപത്രിയിൽ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞിരപ്പള്ളി: പാവങ്ങൾക്കും സാധാരണക്കാർക്കും പ്രിയങ്കരനായിരുന്നു 73 കാരനായ ഡോ. ജോപ്പൻ കെ.ജോൺ. വിശ്രമമില്ലാത്ത ജോലിക്കിടെ നിനച്ചിരിക്കാതെ മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. രണ്ടു രോഗികൾക്കു ശസ്ത്രക്രിയ നടത്തിയ ശേഷം ഒ.പി വിഭാഗത്തിലെ ഡ്യൂട്ടിക്ക് ഒരുങ്ങുന്നതിനിടെയാണ് ഡോക്ടർ കുഴഞ്ഞുവീണു മരിച്ചത്. കഴിഞ്ഞ 39 വർഷമായി കടമപ്പുഴ ആശുപത്രിയിലെ സർജറി വിഭാഗം മേധാവിയായിരുന്ന മണ്ണാർക്കയം കോക്കാട്ട് ഡോ. ജോപ്പൻ കെ.ജോൺ ആണ് ഹൃദയാഘാതം മൂലം ഇന്നലെ അവിചാരിതമായി മരിച്ചത്.

രാവിലെ ആശുപത്രിയിലെത്തിയ ഡോക്ടർ 8.30 മുതൽ 12.30 വരെ ഓപ്പറേഷൻ ത‌ിയറ്ററിലായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള ഒ.പി ഡ്യൂട്ടിക്കു മുൻപായി വിശ്രമിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നടത്തിയ പരിശോധനയിൽ ഇ.സി.ജിയിൽ വ്യതിയാനം കണ്ടതോടെ വിദഗ്ധ ചികിത്സയ്ക്ക് കോട്ടയത്തെ ആശുപത്രിയിലേക്കു പോകാൻ തയാറെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
സംസ്കാരം പിന്നീട്.
മലയോര മേഖലയുടെ പ്രിയ ഡോക്ടറെന്ന് അറിയപ്പെട്ടിരുന്ന ഡോ. ജോപ്പൻ വീട്ടിൽ ചികിത്സ തേടി എത്തിയിരുന്ന നിർധന രോഗികളോട് ഫീസ് വാങ്ങിയിരുന്നില്ല

ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും തുടർന്ന് സർജറിയിൽ ബിരുദാനന്തര ബിരുദവും നേടി. ഐഎംഎ സംസ്ഥാന പ്രവർത്തക സമിതിയംഗം, സർജൻസ് ക്ലബ് ഭാരവാഹി, റോട്ടറി ക്ലബ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ആലപ്പുഴ ചാവടിയിൽ കുടുംബാംഗം മീന. മക്കൾ: നിത, ജോൺ ജെ.കോക്കാട്ട്, ജോസി. മരുമക്കൾ: കുര്യൻ സിറിയക് മാപ്പിളപ്പറമ്പിൽ, മാപ്ലപറമ്പിൽ, രശ്മി ഏബ്രഹാം വടക്കേൽ, ടീനു ട്രീസ് തോമസ് ഓവേലിൽ.

Back to top button
error: