KeralaNEWS

കെറെയില്‍ വിരുദ്ധ സമരക്കാരെ പൊലീസ് മുഖത്തടിക്കുന്ന ദൃശ്യം പുറത്ത്

തിരുവനന്തപുരം: കെ റെയില്‍ കുറ്റി സ്ഥാപിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകൻ ജോയുടെ മുഖത്ത് പൊലീസുകാരന്‍ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.  മംഗലപുരം സ്റ്റേഷനിലെ പൊലിസുകാരൻ ഷെബീറാണ് പ്രതിഷേധക്കാരന്‍റെ മുഖത്തടിച്ചത്. കഴക്കൂട്ടത്ത് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് പൊലീസ് അതിക്രമം.

കെ റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പൊലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഉണ്ടാകും എന്നാണ് വിവരം. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് റൂറൽ എസ്പിക്ക് നൽകിയിരുന്നു. കഴക്കൂട്ടത്ത് കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരൻ സമരക്കാരിൽ ഒരാളെ ചവിട്ടിയത്. പൊലീസുകാരനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

പാർട്ടി കോൺഗ്രസ് കാലത്ത് നിർത്തിവച്ച സിൽവർ ലൈൻ സർവേ ഇന്നലെയാണ് വീണ്ടും തുടങ്ങിയത്. കണ്ണൂർ ചാലയില്‍ കെ റെയിൽ കുറ്റിയുമായി വന്ന വാഹനം ഇന്നലെ സമരക്കാർ തടയിരുന്നു. ചാലയിൽ ഇന്ന് നാട്ടിയ കുറ്റികൾ മിനുട്ടുകൾക്കകം പ്രതിഷേധക്കാര്‍ പിഴുത് മാറ്റി. പൊലീസും ഉദ്യോഗസ്ഥരും നീങ്ങിയതിന് പിന്നാലെയാണ് പിഴുതെറിഞ്ഞത്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ സിൽവർ ലൈൻ സർവേക്കെതിരായ പ്രതിഷേധത്തിനിടെയുള്ള പൊലീസ് നടപടി വന്‍ പ്രതിഷേധത്തിനിടയാക്കി. ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തിയതാണ് വിവാദമായത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർവേ നടപടികൾ നിർത്തിവെച്ചു.

പാർട്ടി കോൺഗ്രസ് തീർന്ന് കൃത്യം 11ആം ദിവസമാണ് കല്ലിട്ട് സിൽവർ ലൈൻ സർവ്വേക്കുള്ള തുടക്കം. മുമ്പ് പ്രതിഷേധം കൊണ്ട് നിർത്തിവെച്ച കണിയാപുരം കരിച്ചാറയിൽ ഇന്നലെ രാവിലെ സർവ്വേക്കായി ഉദ്യോഗസ്ഥരെത്തി. പിന്നാലെ സ്ഥലത്തേക്ക് സമരക്കാർ ഇരച്ചെത്തി. കോൺഗ്രസ് പ്രവർത്തകർ പ്രകടനമായെത്തി പ്രതിഷേധം കടുപ്പിച്ചു. സമരക്കാരും പൊലീസും തമ്മിൽ സംഘർഷമായി. പ്രതിഷേധിച്ചവരെ പൊലീസ് ബൂട്ടിട്ട് ചവിട്ടി വീഴ്ത്തി. പരിക്ക് പറ്റിയ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രവർത്തകരെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും, ആരെയും മനപൂർവം ഉപദ്രവിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.

പ്രതിഷേധം കനത്തതോടെ സർവേ ഉദ്യോഗസ്ഥർ നടപടികൾ തുടങ്ങാനാകാതെ മടങ്ങി. ചവിട്ടി വീഴ്ത്തലിലെ പ്രതിഷേധം തുടരുന്നതിനിടെയാണ് കണ്ണൂർ ചാലയിലും ഉദ്യോഗസ്ഥർ പൊലീസ് അകമ്പടിയോടെ കല്ലിട്ടത്. പന്ത്രണ്ട് കണ്ടി ഭഗവതി ക്ഷേത്ര പരിസരത്ത് കുറ്റിയുമായെത്തിയ വാഹനം സമരക്കാർ മണിക്കൂറുകളോളം തടഞ്ഞു. 40 ഓളം സമരക്കാരെ അറസ്റ്റ് ചെയ്ത് കല്ലിട്ടെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പിഴുതെറിഞ്ഞു. ദില്ലി ജഹാഗീർപുരിയിലെ ബുൾഡോസർ വെച്ചുള്ള ചേരി ഒഴിപ്പിക്കലിനെ ബൃന്ദാകാരാട്ട് തടഞ്ഞത് ആഘോഷമാക്കുന്ന സിപിഎമ്മിനെ കടുത്ത വെട്ടിലാക്കുന്നതായി കെ റെയിൽ പ്രതിഷേധക്കാർക്ക് നേരെയുള്ള ചവിട്ടി വീഴ്ത്തൽ.

Back to top button
error: