കൊച്ചി: കൊച്ചിയിൽ റോഡിലെ കുഴിയിലെ വെളളക്കെട്ടിൽ വീണ് രണ്ടുകാലും ഒടിഞ്ഞ വീട്ടമ്മയെ തിരിഞ്ഞുനോക്കാതെ നഗരസഭ. കോർപ്പറേഷനിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് പ്രമീള പറയുന്നു. രണ്ടാഴ്ച മുമ്പാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിൽ വീണ് മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ രണ്ട് കാലുകളും ഒടിഞ്ഞത്. റോഡിന് സൈഡിലെ കടയിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോൾ റോഡിലുണ്ടായിരുന്ന കുഴിയിലേക്ക് വീണാണ് അപകടമുണ്ടായത്. എഴുന്നേൽക്കാനാകാതിരുന്ന പ്രമീളയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. രണ്ട് കണങ്കാലുകളും ഒടിഞ്ഞ പ്രമീളക്ക് രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ആകെ ദുരിതത്തിലായിരിക്കുകയാണ് പ്രമീളയും കുടുംബവും.
ടൈലറിംഗ് ജോലി ചെയ്ത് വരികയായിരുന്ന പ്രമീളക്ക് ഇപ്പോൾ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കണമെങ്കിൽ പോലും മറ്റൊരാളുടെ സഹായം വേണം. ഭര്‍ത്താവ് എടുത്ത് ബാത്ത്റൂമിലെത്തിച്ചാണ് പ്രാഥമിക കൃത്യങ്ങൾ നിര്‍വ്വഹിക്കുന്നതെന്നും ജോലിക്കും പോകാനാകാതെ വന്നതോടെ ദുരിതത്തിലാണെന്നും പ്രമീള പറയുന്നു. അപകടം നടന്നതിന് പിന്നാലെ കോർപ്പറേഷന് പരാതി നൽകിയെങ്കിലും കൊച്ചി കോർപ്പറേഷൻ അധികൃതർ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല.
ഈ ഭാഗത്ത് ഇത്തരം അപകടങ്ങൾ സ്ഥിരമാണെന്നാണ് നാട്ടുകാരും പറയുന്നത്. അപകടങ്ങൾ ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കുഴിയടക്കാൻ പോലും തയ്യാറായിട്ടില്ല കൊച്ചി കോര്‍പ്പറേഷൻ. അടുത്ത് പെട്ടിക്കട നടത്തുന്നയാളാണ് പ്രമീള അപകടത്തിൽപ്പെട്ട കുഴി താൽക്കാലികമായി കല്ല് വെച്ചെങ്കിലും അടച്ചിട്ടുള്ളത്. കോര്‍പ്പറേഷൻ അധികൃതര്‍ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് പെട്ടിക്കടക്കാരനും പറഞ്ഞു. ഈ റോഡിൽ ഓടയിലേക്ക് വെളളം പോകാനായി ഇത്തരത്തിൽ വേറേയും കുഴികളുണ്ട്.
പ്രമീളയുടെ ദുരിതം വാർത്തയായതോടെ പ്രതികരിച്ച് കൊച്ചി മേയർ എം അനിൽ കുമാർ രംഗത്തെത്തി. കുഴിയിൽ വീണ് വീട്ടമ്മയ്ക്ക് അപകടം പറ്റിയത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും ഉത്തരവാദികൾ ആരാണെന്നന്വേഷിക്കുമെന്നും മേയർ പ്രതികരിച്ചു. അധികാരികളുടെ ഭാഗത്താണ് തെറ്റെങ്കിൽ നടപടിയെടുക്കും. പിഡബ്ല്യൂഡി റോഡ് സ്മാർട്ട് സിറ്റി ഏറ്റെടുത്ത് നിർമിച്ചതാണ് എബ്രഹാം മാടമാക്കൽ റോഡ് ഇവിടെയുള്ളത് അപകടകരമായ കുഴിയാണോ എന്ന് പരിശോധിക്കാൻ സ്മാർട്ട് സിറ്റി അധികൃതരോട് ആവശ്യപ്പെടും. ആണെങ്കിൽ ഉടൻ പരിഹാരമുണ്ടാക്കുമെന്നും മേയർ വ്യക്തമാക്കുന്നു.