NEWS

മായം കലർന്ന മത്സ്യം കണ്ടെത്താൻ ഓപ്പറേഷൻ മത്സ്യ; പരാതി അറിയിക്കാൻ ജില്ല തിരിച്ച് നമ്പറുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത്  മീനിലെ മായം കണ്ടെത്താനായി ‘ഓപറേഷന്‍ മത്സ്യ’ ആവിഷ്‌ക്കരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുരക്ഷിതമായ ഭക്ഷണം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും പരിശോധനകൾ ശക്തമാക്കിയതായും മന്ത്രി അറിയിച്ചു.
എല്ലാ ജില്ലകളിലും മൊബൈല്‍ ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമാണ് കേരളം.അതിനാല്‍ തന്നെ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് വേഗത്തില്‍ മനസിലാക്കാന്‍ സാധിക്കും.കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളില്‍ അയയ്ക്കുന്നതാണ്.ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.മാര്‍ക്കറ്റുകളിലും കടകളിലും പരിശോധന ശക്തമാക്കും. മത്സ്യം, വെളിച്ചെണ്ണ, കറി പൗഡറുകള്‍, പാല്‍, ശര്‍ക്കര തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ തരംതിരിച്ചായിരിക്കും പരിശോധന നടത്തുന്നത്.ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക ടീമായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.ഭക്ഷ്യ സുരക്ഷാ കമ്മീഷണർ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മീനിലെ മായം കണ്ടെത്താന്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി സംസ്ഥാനത്ത് 696 പരിശോധനകളാണ് നടത്തിയത്. 772 സാംപിളുകള്‍ പരിശോധനയ്ക്കയച്ചു.കേടായ 1925 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുണ്ട്.ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പുതിയ ക്യാംപെയ്ൻ ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുജന പങ്കാളിത്തത്തോടു കൂടിയായിരിക്കും ക്യാംപെയ്ൻ നടപ്പിലാക്കുക.ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കില്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പരില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.അതത് ജില്ലകളില്‍ ബന്ധപ്പെടേണ്ട നമ്പരുകള്‍ ഇവയാണ്. തിരുവനന്തപുരം 8943346181, കൊല്ലം 8943346182, പത്തനംതിട്ട 8943346183, ആലപ്പുഴ 8943346184, കോട്ടയം 8943346185, ഇടുക്കി 8943346186, എറണാകുളം 8943346187, തൃശൂര്‍ 8943346188, പാലക്കാട് 8943346189, മലപ്പുറം 8943346190, കോഴിക്കോട് 8943346191, വയനാട് 8943346192, കണ്ണൂര്‍ 8943346193, കാസർകോട് 8943346194

Back to top button
error: