NEWS

കുറ്റ്യാട്ടൂർ മാങ്ങയുടെ ചരിത്രം;മാവിലയ്ക്ക് കിലോ 150 രൂപ

ണ്ണൂർ ജില്ലയിലെ ‘കുറ്റ്യാട്ടൂർ ഗ്രാമം’ സമീപമുള്ള മറ്റ് സ്ഥലങ്ങളിൽ അറിയപ്പെടുന്നത് കുറ്റ്യാട്ടൂർ മാങ്ങയുടെ പേരിലാണ്.ഇവിടത്തെ പ്രധാന കാർഷിക ഉല്പന്നമാണ് പ്രത്യേക ഇനം മാങ്ങ.അഞ്ച് നൂറ്റാണ്ട് മുൻപാണ് ഇപ്പോൾ കാസർകോട് ജില്ലയിലുൾപ്പെട്ട നീലേശ്വരത്ത് നിന്നും കുറ്റ്യാട്ടൂർ വേശാലയിലെ കാവില്ലത്ത് നമ്പൂതിരി മാവിന്റെ വിത്ത് കൊണ്ടുവന്നത്. തുടർന്ന് കുറ്റ്യാട്ടൂർ ഗ്രാമത്തിലാകെ സവിശേഷ ഇനം മാവ് കൃഷി ചെയ്യാൻ തുടങ്ങി.നൂറ്റാണ്ടുകൾ പഴക്കമുള്ള മാവുകൾ കുറ്റ്യാട്ടൂർ ഗ്രാമത്തിലെ പഴയ തറവാടുകളിൽ ഇപ്പോഴും കാണാം.കുറ്റിയാട്ടൂരിൽ മൂവായിരത്തിലധികം മാവ് കർഷകർ ഉണ്ടെന്നാണ് കണക്കാക്കിയത്.തൊട്ടടുത്ത പഞ്ചായത്തുകളിലും കുറ്റ്യാട്ടൂർ മാവ് കർഷകർ ഉണ്ട്.എല്ലാ മാവ് കർഷകരും ചേർന്ന് പ്രതിവർഷം 5000 ടൺ കുറ്റ്യാട്ടൂർ മാങ്ങ ഉല്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്.

നാട്ടുമാവിനങ്ങളെ പോലെ അധികം ഉയരത്തിൽ വളരാത്ത മാവിനമാണ് കുറ്റ്യാട്ടൂർ മാവ്.മാങ്ങയണ്ടി മുളപ്പിച്ച മാവിൻ‌തൈ സൂര്യപ്രകാശം ലഭിക്കുന്ന വെള്ളം കെട്ടിനിൽക്കാത്ത സ്ഥലങ്ങളിൽ നട്ടു വളർത്തുന്നു.ആവശ്യത്തിന് ജലസേചനം നടത്തുകയും ജൈവവളം ചേർക്കുകയും ചെയ്യാറുണ്ട്.നാലോ അഞ്ചോ വർഷത്തിനുള്ളിൽ കുറ്റ്യാട്ടൂർ മാവ് പുഷ്പിച്ച് കായ്ക്കും.

 

ഗോളാകൃതിയിൽ വലിപ്പം കൂടിയ മാങ്ങയുടെ ഭാരം കാരണം ശാഖകൾ പൊട്ടി വീഴാനിടയുള്ളതിനാൽ അവയ്ക്ക് താങ്ങ് നൽകാറുണ്ട്.ഒന്നിടവിട്ട വർഷങ്ങളിലാണ് കുറ്റ്യാട്ടൂർ മാവ് നന്നായി കായ്ക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിലെ തണുപ്പും തെളിഞ്ഞ കാലാവസ്ഥയും മാവ് നന്നായി പുഷ്പിച്ച് ഉണ്ണിമാങ്ങകൾ വിരിയാൻ സഹായിക്കുന്നു.ഏപ്രിൽ, മെയ് മാസത്തോടെ കുറ്റ്യാട്ടൂർ മാങ്ങ മൂപ്പെത്തി പറിച്ചെറ്റുക്കാൻ പാകമാവുന്നു.

Signature-ad

 

നല്ല മൂപ്പെത്തിയ മാങ്ങകൾ നിലത്തു വീഴാതെ പറിച്ചെടുത്ത് ചാക്കിലോ തറയിലോ നിരത്തിവെച്ച് അതിനുമുകളിൽ കാഞ്ഞിരമരത്തിന്റെ ഇലയും വൈക്കോലും കൊണ്ട് പൊതിഞ്ഞ് ചാക്കുകൊണ്ട് മൂടിവെച്ചാൽ മൂന്നാമത്തെ ദിവസം മാങ്ങകൾ പഴുക്കുന്നതാണ്. പരമ്പരാഗതമായി കുറ്റിയാട്ടൂരിലെ കർഷകർ ഇങ്ങനെയാണ് ചെയ്യുന്നത്. രുചിയും ഗുണവും മണവും പോഷകഗുണവും ഉള്ള കുറ്റ്യാട്ടൂർ മാങ്ങ ലഭിക്കാൻ പരമ്പരാഗതമായ രീതിയിൽ പഴുപ്പിച്ചെടുക്കണം.

 

മാവിലയ്ക്ക് കിലോ 150 രൂപ വില

പഴുത്ത മാവിന്റെ ഇല കൊണ്ട് തേച്ചാല്‍ പുഴുത്ത പല്ലും കളഭം മണക്കുമെന്ന ചൊല്ല് വെറും ചൊല്ലല്ല എന്ന തിരിച്ചറിവിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ കുറ്റ്യാട്ടൂരിലെ കുടുംബ ശ്രീ പ്രവര്‍ത്തകര്‍.ഭൗമ സൂചിക പദവി ലഭിച്ചതോടെ ആഗോള വിപണിയിലടക്കം തിളങ്ങുന്ന കുറ്റ്യാട്ടൂര്‍ മാങ്ങയ്ക്ക് പിന്നാലെയാണ് മാവില വില്‍പനയുടെ സാദ്ധ്യത തെളിഞ്ഞിരിക്കുന്നത്.നീലേശ്വരത്തെ വെല്‍നസ് നിക്കയെന്ന കമ്ബനിയാണ് മാവില ശേഖരിച്ച്‌ പല്‍പ്പൊടി നിര്‍മ്മാണം നടത്തുന്നത്.പഴുത്തതും ഉണങ്ങിയതുമായ നല്ലയിലകളാണ് പല്‍പൊടി നിര്‍മ്മാണത്തിന് ഉചിതം.പ്രത്യേക മണവും രുചിയും ഇലയുടെ കട്ടിയുമാണ് കുറ്റ്യാട്ടൂർ മാവിലയെ തിരഞ്ഞെടുക്കാൻ കാരണമെന്നാണ് കമ്പനി പറയുന്നത്.കുറ്റ്യാട്ടൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ കമ്ബനി കിലോക്ക് 150 രൂപ പ്രകാരമാണ് കുടുംബശ്രീ പ്രവര്‍ത്തകരില്‍ നിന്നും മാവിലകള്‍ ശേഖരിച്ചത്.രണ്ട് ഘട്ടങ്ങളായി ശേഖരിച്ച മാവിലക്ക് ഒന്നരലക്ഷം രൂപ നാട്ടുകാര്‍ കൈപ്പറ്റിക്കഴിഞ്ഞു.

Back to top button
error: