കോവിഡിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നതിനു ജനിതക ശ്രേണീകരണ പരിശോധന ആരംഭിച്ച് ഡൽഹി സർക്കാർ. ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ഇതിനോടകം 500 കോവിഡ് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്താനായിട്ടില്ല.
വിദേശരാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുള്ള എക്സ് ഇ വകഭേദം ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പുതിയതായി കണ്ടെത്തിയ കോവിഡ് എക്സ് ഇ വകഭേദമാണോ കോവിഡ് കേസുകൾ ഉയരുന്നതിനു കാരണമെന്ന് വിദഗ്ധ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കും. നിലവിൽ യുകെ, ചൈന, തായ്ലൻഡ് മുതലായ രാജ്യങ്ങളിലാണ് എക്സ് ഇ വകഭേദമുള്ളത്.
ഏപ്രിൽ ആറിന് മുംബൈയിൽ റിപ്പോർട്ട് ചെയ്തത് എക്സ് ഇ വകഭേദമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ട് ചെയ്ത സാംപിൾ പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒമിക്രോണ്‍ ബിഎ.1, ബിഎ.2 വകഭേദങ്ങൾ സംയോജിച്ചാണ് എക്സ് ഇ വകഭേദം ഉണ്ടാകുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ അനുസരിച്ച് ഒമിക്രോണിന്റെ ബിഎ.2 വകഭേദത്തെക്കാൾ പത്തു ശതമാനം കൂടുതൽ രോഗവ്യാപനശേഷിയുള്ളതാണ് എക്സ് ഇ വകഭേദം. മുംബൈയിലും ഗുജറാത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയത് എക്സ് എം വകഭേദമാണെന്നും വിവരങ്ങളുണ്ട്.