ന്യൂഡൽഹി ;ഇന്ത്യയിലെ ടെലിക്കോം കമ്ബനികള്‍ നല്‍കുന്ന ഡാറ്റ സ്പീഡിന്റെ വിവരങ്ങള്‍ ട്രായ് പുറത്ത് വിട്ടു.2022 മാര്‍ച്ചിലെ വിവരങ്ങളാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ടത്.ഈ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഉപയോക്താക്കള്‍ക്ക് ഏറ്റവും വേഗതയേറിയ ശരാശരി 4ജി ഡൗണ്‍ലോഡ് സ്പീഡ് നല്‍കിയത് റിലയന്‍സ് ജിയോയാണ്. അപ്‌ലോഡ് വേഗതയില്‍ വോഡഫോണ്‍ ഐഡിയ (വിഐ) ആണ് മുന്നില്‍.
റിലന്‍സ് ജിയോ ശരാശരി 21.21 എംബിപിഎസ് ഡൌണ്‍ലോഡ് സ്പീഡാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത് എന്ന് ട്രായ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വിഐ 17.9 എംബിപിഎസ് വേഗതയുമായി ഡൌണ്‍ലോഡ് സ്പീഡിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. എയര്‍ടെല്‍ 13.7 എംബിപിഎസ് ഡൌണ്‍ലോഡ് സ്പീഡുമായി മൂന്നാം സ്ഥാനത്തുണ്ട്. ഡൌണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ വിഐ ജിയോയ്ക്ക് തൊട്ട് പിന്നിലുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ വേഗത മാര്‍ച്ചില്‍ വളരെ കുറവാണ്. പൊതുമേഖലാ ടെലിക്കോം കമ്ബനിയായ ബിഎസ്‌എന്‍എല്‍ 6.1 എംബിപിഎസ് വേഗതയാണ് ഉപയോക്താക്കള്‍ക്ക് നല്‍കിയത്.