യുക്രെയ്നിന്റെ പടിഞ്ഞാറൻ മേഖലയിൽ തലസ്ഥാനമായ കീവ് അടക്കം നഗരങ്ങളിൽ റഷ്യൻ സേന വീണ്ടും വ്യാപകമായ വ്യോമാക്രമണം നടത്തി.
പടിഞ്ഞാറൻ നഗരമായ ലീവിലും തെക്കൻ മേഖലയിലെ ഒഡേസയിലും റഷ്യൻ മിസൈലുകൾ വീഴ്ത്തിയെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. കരിങ്കടൽ തീരത്തു റഷ്യൻ യുദ്ധക്കപ്പൽ തീപിടിച്ചു മുങ്ങിയതിനു പിന്നാലെയാണു യുക്രെയ്നിലാകെ മിസൈലാക്രമണം ശക്തമാക്കിയത്.
വ്യാഴാഴ്ച യുക്രെയ്ൻ സേനയുടെ ആക്രമണത്തിൽ തകർന്നുവെന്നു പറയുന്ന യുദ്ധക്കപ്പലായ മോസ്ക്വ തീപിടിച്ചു മുങ്ങിയെന്നു റഷ്യ സ്ഥിരീകരിച്ചിരുന്നു. കപ്പലിലെ വെടിക്കോപ്പുകൾക്കു തീപിടിച്ചാണു മുങ്ങിയതെന്നാണു റഷ്യയുടെ വിശദീകരണം. യുക്രെയ്ൻ സേനയുടെ ആക്രമണത്തിലാണു കപ്പൽ മുങ്ങിയതെന്ന വാർത്ത റഷ്യയോ പാശ്ചാത്യശക്തികളോ സ്ഥിരീകരിച്ചിട്ടില്ല. 40 വർഷത്തിനിടെ യുദ്ധത്തിൽ തകർന്നു മുങ്ങുന്ന ഏറ്റവും വലിയ കപ്പലാണു മോസ്ക്വ.