NEWS

വൃക്കരോഗങ്ങളെ പറ്റി കൂടുതൽ അറിയാം

വൃക്കകളുടെ പ്രവർത്തനം ഏതാണ്ട് 60 ശതമാനവും നഷ്ടപ്പെട്ടുകഴിയുമ്പോഴായിരിക്കും അത് പ്രത്യക്ഷലക്ഷണങ്ങൾ കാണിച്ചു തുടങ്ങുക.വൃക്കരോഗങ്ങൾ സങ്കീർണമായി മാറുന്നതിനുള്ള കാരണവും ഇതുതന്നെയാണ്. എന്നാൽ വൃക്കകൾക്ക് ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള രോഗാവസ്ഥ വളരെ നേരത്തെതന്നെ കാണിക്കുന്ന ചില സൂചനകൾ ഉണ്ട്.
ഇപ്പോഴുള്ള വൃക്കരോഗത്തിന്റെ 40 ശതമാനത്തോളം പാരമ്പര്യവും ജനിതകവുമായ ഘടകങ്ങൾ കൊണ്ടാണ്. മാതാപിതാക്കളിൽ ഒരാൾക്ക് ഈ അസുഖമുണ്ടെങ്കിൽ 25 ശതമാനം കുട്ടികൾക്കും ഈ അസുഖം ഉണ്ടാവാൻ സാധ്യതയുണ്ട്. മാതാവിലും പിതാവിലും ഈ അസുഖം കാണുന്നുണ്ടെങ്കിൽ അമ്പതു ശതമാനത്തോളം കുഞ്ഞുങ്ങൾക്കും ഈ അസുഖം കണ്ടുവരുന്നു.ഇതിൽ പ്രധാനപ്പെട്ടത് അഡൾട്ട് ഡോമിനന്റ് പോളിസിസ്റ്റിക് വൃക്കരോഗമാണ്.വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ്, സി ടി സ്കാൻ, എം ആർ ഐ സ്കാൻ എന്നീ പരിശോധനയിലൂടെ രോഗസാധ്യത കണ്ടെത്താം.
മറ്റൊരു പ്രധാന അസുഖമായ ആൽപോർട്ട് സിൻഡ്രേം എന്ന പ്രത്യേകതരം അസുഖത്തിൽ വൃക്കരോഗത്തോടൊപ്പം കേൾവിക്കുറവ്, കാഴ്ചക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവ കൂടി കാണാം.ഈ അസുഖവും പരിശോധനയിലൂടെ നേരത്തെ കണ്ടുപിടിക്കാവുന്നതാണ്.
കുട്ടികളിൽ കാണുന്ന മൂത്രത്തിൽ രക്തത്തിന്റെ അംശം കാണൽ, മൂത്രമൊഴിക്കുമ്പോൾ സാധാരണമല്ലാത്തവിധം പതയൽ, മൂത്രത്തിന്റെ അളവിൽ കാണുന്ന കുറവും കൂടുതലും ഇവയും വൃക്കരോഗലക്ഷണങ്ങളാണ്. മൂത്രം ഇടയ്ക്കിടെ ഒഴിക്കാൻ തോന്നുക, മൂത്രം ഒഴിക്കാതിരുന്നാൽ ശരീരത്തിന്റെ പിൻവശം ഇടുപ്പിലും നട്ടെല്ലിലെ ഇരുവശത്തുമായി ഉണ്ടാവുന്ന തുടർച്ചയായ വേദന, മൂത്രം ഒഴിച്ച ശേഷം വീണ്ടും ഉടനെ തന്നെ മൂത്രം ഒഴിക്കൽ എന്നിവയും വൃക്കരോഗലക്ഷണമാകാം.
ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഐ വി പി , എം സി യു എന്നീ എക്സറെ പരിശോധനയിലൂടെ വൃക്കരോഗമാണോ എന്നുറപ്പുവരുത്താം.ഇത്തരം രോഗലക്ഷണമുള്ള കുട്ടികൾക്ക് വേണ്ട ചികിത്സ ലഭിക്കാതിരുന്നാൽ നിശ്ചിത പ്രായം കഴിയുമ്പോൾ വൃക്കസ്തംഭനത്തിലേക്ക് എത്തിച്ചേരും.
പത്തു മുതൽ ഇരുപതു വയസുവരെയുള്ള കൗമാരക്കാരിൽ ചില ലക്ഷണങ്ങൾ ഗൗരവമായിത്തന്നെയെടുക്കണം. അതിൽ പ്രധാനമാണ് മൂത്രത്തിൽ കാണുന്ന രക്താണുക്കളുടെ സാന്നിധ്യം, പഴുപ്പിന്റെ അംശം. ഇതിനു പുറമേ വൃക്കയിൽ കല്ലുകളുടെ ലക്ഷണവും വളരെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം അസുഖങ്ങൾ പലപ്പോഴും എെ ജി എ എന്ന വൃക്കരോഗത്തിന്റെ ലക്ഷണമാവാം. വിദഗ്ധപരിശോധനയിലൂടെ ഈ രോഗം നേരത്ത കണ്ടുപിടിക്കാം.

20 വയസിനും 40 വയസിനുമിടയിൽ കണ്ടുവരുന്ന പ്രധാന അസുഖങ്ങളായ നെഫ്രോട്ടിക്സിൻഡ്രോം, നെഫ്രൈറ്റിസ്, ഐ ജി എ, നെഫ്രോപ്പതി, മൂത്രാശയ സംബന്ധിയായ അസുഖങ്ങൾ കൃത്യമായ രക്തമൂത്രപരിശോധന, പ്രഷർ പരിശോധന, സ്കാനിങ് ടെസ്റ്റ് എന്നിവയിലൂടെ കണ്ടുപിടിക്കാവുന്നതാണ്.

 

40 വയസിനു മുകളിൽ 50 വയസുവരെയുള്ള വ്യക്തികളിൽ കാണുന്ന അസുഖങ്ങളിൽ പ്രധാനം പ്രമേഹരോഗമാണ്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഏകദേശം നാൽപതു ശതമാനത്തോളം വരുന്ന ആളുകൾ നാൽപതു വയസിനോടടുക്കുമ്പോൾ പ്രമേഹബാധിതരാവുന്നു എന്നു കണക്കാക്കപ്പെടുന്നു.

 

ഇതിൽ നാൽപതു ശതമാനത്തോളം ആളുകൾ സാരമായ വൃക്കസ്തംഭനം സംഭവിക്കുകയും അതിൽ 40 ശതമാനത്തോളം പേർ ഏതെങ്കിലും ഒരു തലത്തിലുള്ള വൃക്കരോഗചികിത്സ (വൃക്കമാറ്റിവയ്ക്കൽ, രക്തശുദ്ധീകരണം) സ്വീകരിക്കേണ്ടതായി വരുന്നു. 40 ശതമാനത്തോളം ആളുകൾ അകാലത്തിൽ മരണം വരിക്കുകയും ചെയ്യുന്നതായി കാണാം.

 

അറുപതിനു മുകളിലുള്ളവരിൽ കാണുന്ന സ്ഥായിയായ അസുഖങ്ങൾ, വൃക്കകളുടെ പ്രവർത്തനക്ഷമതക്കുറവ്, മൂത്രം പുറത്തേക്കു പോകുന്നതിലുള്ള തടസം മൂലം ഉണ്ടാവുന്ന അസുഖങ്ങൾ, പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ തടിപ്പ്, സ്ത്രീകളിൽ ഗർഭപാത്രസംബന്ധമായ അസുഖം എന്നിവ കാണുന്നു.

 

 

മൂത്രത്തിൽ കാണുന്ന കല്ലുകൾ, മൂത്രതടസം, മൂത്രാശയസംബന്ധിയായ രോഗം, മൂത്രം കൃത്യമായ അളവിൽ പുറത്തേക്കു പോകാതിരിക്കുക എന്നിവ പ്രധാനമാണ്. പ്രായമായവരിൽ കാണുന്ന മൂത്രത്തിലെ രക്തത്തിന്റെ അംശം പലപ്പോഴും ക്ഷയം (ടൂബർക്കുലോസിസ്), കാൻസർബാധ എന്നിവയുടെ ലക്ഷണമാവാം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: